ad
Deshabhimani

15 അംഗ ടീമിനെ 
ഹർമൻപ്രീത്‌ നയിക്കും , സ്മൃതി വെെസ് ക്യാപ്റ്റൻ , മിന്നുമണി പകരക്കാരുടെ പട്ടികയിൽ

വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ ; ഷഫാലി പുറത്ത്‌, 
രേണുക തിരിച്ചെത്തി

Women's Odi World Cup

ഷഫാലി വർമ

avatar
Sports Desk

Published on Aug 20, 2025, 12:01 AM | 2 min read


മുംബൈ

ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഇന്ത്യൻ വനിതാ ടീമിൽ ഓപ്പണർ ഷഫാലി വർമയ്‌ക്ക്‌ ഇടമില്ല. മലയാളി ഓൾ റ‍ൗണ്ടർ മിന്നു മണിയെയും പരിഗണിച്ചില്ല. പകരക്കാരുടെ പട്ടികയിലാണ്‌ വയനാട്ടുകാരി.


ഹർമൻപ്രീത്‌ ക‍ൗർ നയിക്കുന്ന 15 അംഗ ടീമിൽ പേസർ രേണുക സിങ്‌ ഠാക്കൂർ തിരിച്ചെത്തിയതാണ്‌ പ്രധാന സവിശേഷത. സ്‌പിന്നർമാർക്ക്‌ മുൻതൂക്കമുള്ള ടീമാണ്‌.

സെപ്‌തംബർ 30നാണ്‌ ലോകകപ്പിന്‌ തുടക്കം. ആദ്യ കളിയിൽ ശ്രീലങ്കയെ നേരിടും. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ്‌ ലോകകപ്പിന്‌ വേദിയാകുന്നത്‌.


ഓസ്‌ട്രേലിയൻ എ ടീമിനെതിരായ പരമ്പരയിൽ ഇന്ത്യൻ എ ടീമിന്റെ ഭാഗമായിരുന്ന ഷഫാലി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. എന്നാൽ നീതു ഡേവിഡ്‌ മുഖ്യ സെലക്ടറായ സമിതി ഇരുപത്തൊന്നുകാരിയെ പരിഗണിച്ചില്ല. ഷഫാലിക്ക്‌ പകരം ഓപ്പണറായെത്തിയ പ്രതിക റാവൽ സ്ഥിരതയുള്ള പ്രകടനമാണ്‌ പുറത്തെടുക്കുന്നത്‌. 14 കളിയിൽ 504 റൺ നേടിയിട്ടുണ്ട്‌ ഇരുപത്തിനാലുകാരി. 29 കളിയിൽ 644 റണ്ണാണ്‌ ഷഫാലിയുടെ സമ്പാദ്യം.


പരിക്കുകാരണം കഴിഞ്ഞ വർഷം ഡിസംബറിനുശേഷം രേണുക കളിച്ചിട്ടില്ല. 19 കളിയിൽ 35 വിക്കറ്റ്‌ നേടിയ രേണുക ഇന്ത്യൻ ബ‍ൗളിങ്‌ നിരയിലെ നിർണായക സാന്നിധ്യമാണ്‌.

ഓൾ റ‍ൗണ്ടർ ദീപ്‌തി ശർമ, സ്‌നേഹ്‌ റാണ, ശ്രീ ചരണി, രാധാ യാദവ്‌ എന്നിവരാണ്‌ ടീമിലെ പ്രധാന സ്‌പിന്നർമാർ. പ്രതിക, ക്യാപ്‌റ്റൻ ഹർമൻപ്രീത്‌, ഹർലീൻ ഡിയോൾ എന്നിവരും പന്തെറിയുന്നവരാണ്‌. പേസർമാരായി രേണുകയ്‌ക്കൊപ്പം അരുന്ധതി റെഡ്ഡി, ഓൾ റ‍ൗണ്ടർ അമൻജോത്‌ ക‍ൗർ, ക്രാന്തി ഗ‍ൗഡ്‌ എന്നിവരുമുണ്ട്‌. റിച്ചാ ഘോഷും യസ്‌തിക ഭാട്ടിയയുമാണ്‌ വിക്കറ്റ്‌ കീപ്പർമാർ.


വൈസ്‌ ക്യാപ്‌റ്റൻ സ്‌മൃതി മന്ദാനയിലാണ്‌ ബാറ്റിങ്‌ നിരയുടെ പ്രതീക്ഷകൾ. പ്രതിക, ജെമീമ റോഡ്രിഗസ്‌, ഹർമൻപ്രീത്‌, ഹർലീൻ, റിച്ച, ദീപ്തി എന്നിവരും കരുത്ത്‌ പകരുന്നു.

ഓസ്‌ട്രേലിയൻ എ ടീമിനെതിരെ മികച്ച ബ‍ൗളിങ്‌ പ്രകടനം പുറത്തെടുത്തിട്ടും മിന്നുവിന്‌ ഇടംനേടാനായില്ല. ടീമിലെ സ്‌പിന്നർമാരുടെ ആധിക്യമാണ്‌ വയനാട്ടുകാരിക്ക്‌ തടസ്സമായത്‌.

ഓസ്‌ട്രേലിയക്കെതിരെ സെപ്‌തംബർ 14ന്‌ ആരംഭിക്കുന്ന മൂന്ന്‌ മത്സര പരമ്പരയ്‌ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു. പരിക്കേറ്റ അമൻജോതിന്‌ പകരം സയാലി സത്‌ഗാരെ ഇടംനേടി.


ഇന്ത്യൻ ലോകകപ്പ്‌ ടീം:

ഹർമൻപ്രീത്‌ ക‍ൗർ, സ്‌മൃതി മന്ദാന, പ്രതിക റാവൽ, ഹർലീൻ ഡിയോൾ, ദീപ്‌തി ശർമ, ജെമീമ റോഡ്രിഗസ്‌, രേണുക സിങ്‌, അരുന്ധതി റെഡ്ഡി‍, റിച്ചാ ഘോഷ്‌, ക്രാന്തി ഗ‍ൗഡ്‌, അമൻജോത്‌ ക‍ൗർ, രാധാ യാദവ്‌, ശ്രീ ചരണി, യസ്‌തിക ഭാട്ടിയ, സ്‌നേഹ്‌ റാണ.


പകരക്കാർ:

മിന്നു മണി, തേജൽ ഹസബ്‌നിസ്‌, പ്രേമ റാവൽ, പ്രിയ മിശ്ര, ഉമ ഛേത്രി, സയാലി സത്‌ഗരെ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home