print edition വനിതാ ഏഷ്യാ കപ്പ്: ഇന്ത്യ x ബംഗ്ലാ സെമി ഇന്ന്

ദുബായ്: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ആദ്യ സെമിയിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഇന്ത്യൻ സമയം രാത്രി എട്ടിനാണ് കളി. രണ്ടാം സെമിയിൽ നാളെ പാകിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടും. ഞായറാഴ്‌ചയാണ് ഫൈനൽ. ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ ടോസ് നിർണായകമാകും. സ്‌പിന്നർമാർക്ക് അനുകൂലമായ സാഹചര്യമാണ്.
ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളും ഇന്ത്യ ആധികാരികമായി ജയിച്ചു. ആദ്യ കളിയിൽ തായ്‌ലൻഡിനെതിരെ ബാറ്റിങ് നിര മികച്ച തുടക്കത്തിനുശേഷം അപ്രതീക്ഷിതമായി തകർന്നെങ്കിലും ബൗളിങ് മികവിൽ കൂറ്റൻ ജയം സ്വന്തമാക്കുകയായിരുന്നു. ഹോങ്കോങ്ങിനെയും ആധികാരികമായി കീഴടക്കി. പാകിസ്ഥാനെ 55 റണ്ണിനാണ് ഇന്ത്യൻ ബൗളർമാർ എറിഞ്ഞിട്ടത്. ഓപ്പണർമാരായ സ്‌മൃതി മന്ദാനയും ഷഫാലി വർമയുമൊഴികെ ബാറ്റിങ് നിരയിൽ മറ്റാർക്കും തിളങ്ങാനാകുന്നില്ല. ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗർ, വിക്കറ്റ് കീപ്പർ റിച്ചാ ഘോഷ് എന്നിവർ താളം കണ്ടെത്തിയിട്ടില്ല.
ബൗളർമാരിൽ ദീപ്‌തി ശർമയാണ് മുന്നിൽ. ശ്രീചരണി, പ്രേമാ റാവത്ത് എന്നിവരും മികച്ച പ്രകടനം പുറത്തെടുക്കുന്നു. ബംഗ്ലാദേശിന് മികച്ച ബൗളർമാരുണ്ട്. അവസാന കളിയിൽ യുഎഇയ്‌ക്കെതിരെ ബൗളർമാരുടെ മികവിലാണ് ജയം സ്വന്തമാക്കിയത്. നിലവിലെ ജേതാക്കളായ ശ്രീലങ്കയോട് പൊരുതിത്തോറ്റു.










0 comments