ബുമ്രയ്ക്ക് ഇപ്പോൾ വിക്കറ്റുകൾ നേടാനാകാത്തത് എന്തുകൊണ്ട്? ഇർഫാൻ പഠാന്റെ മറുപടി ഇങ്ങനെ

ഇർഫാൻ പഠാൻ, ജസ്പ്രീത് ബുമ്ര
മുംബൈ: ഈ ഐപിഎൽ സീസണിൽ വിക്കറ്റൊന്നും നേടാനാകാതെ കിതയ്ക്കുകയാണ് ഇന്ത്യൻ സൂപ്പർതാരം ജസ്പ്രീത് ബുമ്ര. വ്യാഴാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ നടന്ന മത്സരത്തിൽ 41 റൺസ് വഴങ്ങിയെങ്കിലും ഒരു വിക്കറ്റ് പോലും നേടാൻ ബുമ്രയ്ക്കായില്ല.
ഈ സീസണിൽ തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് ഈ സൂപ്പർ പേസർ വിക്കറ്റില്ലാതെ മടങ്ങുന്നത്. 8.63 എന്ന എക്കോണമി റേറ്റിലാണ് ബുമ്ര റൺസ് വഴങ്ങുന്നത് എന്നതും ആരാധകരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഇപ്പോഴിതാ ബുമ്രയുടെ ഈ മോശം ഫോമിനെക്കുറിച്ച് വിശകലനം ചെയ്യുകയാണ് മുൻ താരം ഇർഫാൻ പഠാൻ. ബുമ്ര സ്ലോ ബോളുകൾ അമിതമായി എറിയരുതെന്ന് പഠാൻ നിർദേശിച്ചു. "ബുമ്രയുടെ ബൗളിംഗിൽ നിന്ന് വിക്കറ്റുകൾ വീഴേണ്ടത് വളരെ പ്രധാനമാണ്. അദ്ദേഹത്തിന്റെ ഫോമിൽ വലിയ പ്രശ്നങ്ങളൊന്നുമില്ല, പക്ഷേ ഈ സീസണിൽ അദ്ദേഹത്തിന്റെ ശരാശരി വേഗത ഏകദേശം 130 കിലോമീറ്ററാണ്. അദ്ദേഹം തന്റെ പന്തുകളിൽ 44 ശതമാനവും സ്ലോവർ ബോളുകളാണ് ഉപയോഗിക്കുന്നത്, അതായത് ഏകദേശം ഓരോ രണ്ടാമത്തെ പന്തും ഒരു സ്ലോവർ ബോൾ ആണ്. ബുമ്ര കൂടുതൽ വേഗതയേറിയ പന്തുകൾ എറിയുകയും സ്ലോവർ ബോളുകളുടെ ശതമാനം കുറയ്ക്കുകയും ചെയ്താൽ ഫലം ലഭിക്കും. ബുമ്രയ്ക്ക് പരിശീലനത്തിന്റെ ആവശ്യമില്ല"- പഠാൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. മുംബൈ ഇന്ത്യൻസ് - പഞ്ചാബ് കിംഗ്സ് മത്സരത്തിന് മുന്നോടിയായി വ്യാഴാഴ്ചയാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്.
മുംബൈ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് കിംഗ്സ് വെറും 16.3 ഓവറിൽ ലക്ഷ്യം കണ്ടപ്പോൾ ബുമ്ര തീർത്തും നിഷ്പ്രഭനായി. പഞ്ചാബ് ഓപ്പണർ പ്രഭ്‌സിമ്രാൻ സിംഗ് 39 പന്തിൽ പുറത്താവാതെ 80 റൺസും ക്യാപ്റ്റൻ ശ്രേയസ് അയ്യർ 35 പന്തിൽ 66 റൺസും അടിച്ചുകൂട്ടി.
ഇതോടെ ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസ് തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങി.









0 comments