ടെസ്റ്റ് വിരമിക്കൽ വെളിപ്പെടുത്തലിൽ കോഹ്‌ലിയെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം

വിരാട് കോഹ്‌ലി, അശ്വിൻ (Photo:NDTV Sports)
തിരുവനന്തപുരം : ഐപിഎൽ 2026 ആവേശം തുടരുന്നതിനിടെ, ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള തന്റെ അപ്രതീക്ഷിത വിരമിക്കലിനെക്കുറിച്ച് വിരാട് കോഹ്‌ലി നടത്തിയ തുറന്നുപറച്ചിൽ വലിയ ചർച്ചയായിരുന്നു. ഓസ്‌ട്രേലിയൻ പര്യടനത്തിന് ശേഷം താൻ ടെസ്റ്റ് ഫോർമാറ്റ് ഉപേക്ഷിക്കാൻ കാരണം, ഓരോ മത്സരത്തിന് ശേഷവും യോഗ്യത തെളിയിക്കാൻ നിരന്തരം സമ്മർദ്ദമുണ്ടായ സാഹചര്യമാണെന്ന് കോഹ്‌ലി വെളിപ്പെടുത്തി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പോഡ്‌കാസ്റ്റിൽ മയന്തി ലാംഗറുമായി നടത്തിയ ചാറ്റിലായിരുന്നു കോഹ്‌ലിയുടെ ഈ പ്രതികരണം.
ഇപ്പോഴിതാ കോഹ്‌ലിയുടെ ഈ നിലപാടിനെ ശക്തമായി പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.
2024ന്റെ അവസാനത്തിൽ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച അശ്വിൻ, തന്റെ മുൻ സഹതാരത്തിന്റെ വാക്കുകളോട് പൂർണമായും യോജിക്കുന്നതായി വ്യക്തമാക്കി. കരിയറിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള മുതിർന്ന താരങ്ങൾ നേരിടുന്ന നിരന്തരമായ വിമർശനങ്ങളെയും മാനസിക സമ്മർദ്ദങ്ങളെയും അശ്വിൻ ചൂണ്ടിക്കാട്ടി.
തനിക്ക് ആർക്കും മുന്നിലും ഒന്നും തെളിയിക്കാനില്ലെന്നാണ് വിരാട് പറഞ്ഞത്, അത് നൂറു ശതമാനം ശരിയാണ് . ഇത്രയും വർഷം ഇന്ത്യക്കായി നിരവധി മത്സരങ്ങളിൽ പങ്കെടുത്ത താരം ഇനി ആർക്ക് മുന്നിലാണ് സ്വയം തെളിയിക്കേണ്ടത്? എനിക്കും ഇതേ അനുഭവം തന്നെയാണ് ഉണ്ടായിട്ടുള്ളത്. ഇനിയൊന്നും തെളിയിക്കാൻ ബാക്കിയില്ലായിരുന്നു, അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
2027ലെ ഐസിസി ഏകദിന ലോകകപ്പിൽ താൻ കളിക്കുമോ എന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും കോഹ്‌ലി മറുപടി നൽകി. ഒന്നുകിൽ തനിക്ക് യോഗ്യതയില്ലെന്നോ ടീമിന് ആവശ്യമില്ലെന്നോ ആദ്യമേ തുറന്നു പറയണമെന്നും, അല്ലാതെ ഓരോ തവണയും സ്വന്തം മൂല്യം തെളിയിക്കാൻ നിർബന്ധിക്കുന്ന സാഹചര്യത്തോട് പൊരുത്തപ്പെടാൻ തനിക്കാവില്ലെന്നും കോഹ്‌ലി വ്യക്തമാക്കി.










0 comments