സച്ചിന്റെ റെക്കോഡ് പഴങ്കഥയാകും; ഇന്ത്യൻ ടീമിൽ എത്തുന്ന താരം ആര്?

വൈഭവ് സൂര്യവംശി (Photo Courtesy NDTV Sports)
ബെൽഫാസ്റ്റ് : ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ 37 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിക്കുറിക്കാൻ വൈഭവ് സൂര്യവംശി ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, ജൂണിൽ അയർലൻഡിനെതിരെ ബെൽഫാസ്റ്റിൽ നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ സാധ്യതാ പട്ടികയിൽ 15കാരനായ ഇടങ്കയ്യൻ ബാറ്റർ ഇടംപിടിച്ചു.
അരങ്ങേറ്റം കുറിക്കുകയാണെങ്കിൽ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി ബീഹാർ സ്വദേശിയായ വൈഭവ് സ്വന്തമാക്കും. നിലവിൽ ഈ റെക്കോഡ് സച്ചിൻ ടെൻഡുൽക്കറുടെ പേരിലാണ്. 1989ൽ കറാച്ചിയിൽ പാകിസ്ഥാനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറുമ്പോൾ സച്ചിന്റെ പ്രായം 16 വയസ്സും 205 ദിവസവുമായിരുന്നു.
ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന വാഷിങ്ടൺ സുന്ദറിന്റെ (18 വയസ്സ്) റെക്കോഡും ഇതോടെ മറികടക്കപ്പെടും. ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിനായി നടത്തിയ മികച്ച പ്രകടനമാണ് വൈഭവിനെ ദേശീയ ടീമിൽ എത്തിച്ചത്. സീസണിൽ സിഎസ്കെയ്ക്കെതിരെ 17 പന്തിൽ 52 റൺസും, ആർസിബിക്കെതിരെ 26 പന്തിൽ 78 റൺസും നേടി താരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു.
അതേസമയം, ലോക ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ അരങ്ങേറ്റം കുറിച്ച താരമെന്ന റെക്കോഡ് പാകിസ്ഥാന്റെ ഹസൻ രാസയുടെ പേരിലാണ്. 1996ൽ സിംബാബ്‌വെക്കെതിരെ കളിക്കുമ്പോൾ 14 വയസ്സും 227 ദിവസവുമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.










0 comments