സ്റ്റാർക്ക് ബുംറയല്ല; 15 കാരൻ സൂര്യവംശിക്ക് മുന്നറിയിപ്പുമായി മുൻ വെസ്റ്റിൻഡീസ് ഇതിഹാസം

Photo Credit: Social Media
ന്യൂഡൽഹി: ഐപിഎൽ 2026 ലെ വിസ്മയമായി മാറിയ രാജസ്ഥാൻ റോയൽസിന്റെ 15 കാരൻ വൈഭവ് സൂര്യവംശിക്ക് മുന്നറിയിപ്പുമായി മുൻ വെസ്റ്റ് ഇൻഡീസ് താരം ഇയാൻ ബിഷപ്പ്.
ലോകത്തെ മികച്ച പേസർമാരെ തന്റെ ബാറ്റിംഗ് കരുത്തുകൊണ്ട് നേരിടുന്ന സൂര്യവംശിക്ക് വെള്ളിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ മിച്ചൽ സ്റ്റാർക്കിനെ മറികടക്കുക എളുപ്പമാകില്ലെന്ന് ബിഷപ്പ് പറഞ്ഞു.
ബുംറയെ നേരിട്ടത് പോലെയല്ല സ്റ്റാർക്കിനെ നേരിടേണ്ടതെന്നും അദ്ദേഹം കൂടുതൽ തയ്യാറെടുപ്പുകളോടെ വരുമെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.
ടൂർണമെന്റിലുടനീളം ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട് തുടങ്ങിയ ഇതിഹാസ താരങ്ങളെ നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറികൾ നേടുന്നത് സൂര്യവംശി പതിവാക്കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച ബൗളറായ ബുംറയെ സിക്സറടിച്ചാണ് ഈ കൗമാര താരം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. സൂര്യവംശിയുടെ മാനസിക കരുത്തും ബേസ്ബോൾ ശൈലിക്ക് സമാനമായ ബാറ്റ് സ്വിംഗും അദ്ദേഹത്തെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നുവെന്ന് ബിഷപ്പ് വിലയിരുത്തുന്നു.
സാങ്കേതികമായി സൂര്യവംശിക്ക് വലിയ ബലഹീനതകളില്ല എന്നത് ബൗളർമാരെ കുഴയ്ക്കുന്നുണ്ട്. അനുഭവസമ്പന്നരായ ബൗളർമാർക്ക് പോലും ഈ 15-കാരനെതിരെ പുതിയ പ്ലാനുകൾ കണ്ടെത്തേണ്ടി വരുന്നു. ഷോർട്ട് പിച്ച് പന്തുകളെ വലിച്ചടിക്കാനുള്ള കഴിവും യോർക്കറുകളെ നേരിടുന്ന രീതിയും സൂര്യവംശിയുടെ മികവ് വിളിച്ചോതുന്നതാണ്.
ബിഷപ്പിന്റെ പരാമർശങ്ങളെ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് സ്റ്റാർക്കിനെതിരെയും മികച്ച പ്രകടനം പുറത്തെടുക്കാനായിരിക്കും സൂര്യവംശിയുടെ ശ്രമം. രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള പോരാട്ടത്തിൽ ആരാധകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത് സൂര്യവംശി-സ്റ്റാർക്ക് പോരാട്ടത്തിലേക്കാണ്.










0 comments