ക്രിസ് ഗെയ്‌ലിന്റെ റെക്കോഡ് തകർത്തു; ഐപിഎല്ലിൽ ചരിത്രമെഴുതി വൈഭവ് സൂര്യവംശി

വൈഭവ് സൂര്യവംശി
തിരുവനന്തപുരം : ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ റെക്കോഡ് കുതിപ്പ് തുടരുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ എലിമിനേറ്റർ പോരാട്ടത്തിൽ വെറും 16 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയാണ് രാജസ്ഥാൻ ഓപ്പണർ വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. മത്സരത്തിൽ എട്ട് സിക്‌സറുകൾ നേടിയതോടെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോഡും സൂര്യവംശി സ്വന്തം പേരിലാക്കി.
ഐപിഎൽ എലിമിനേറ്റർ മത്സരത്തിന് ഇറങ്ങും മുൻപ് ഈ സീസണിൽ 53 സിക്‌സറുകളായിരുന്നു സൂര്യവംശിയുടെ സമ്പാദ്യം. എന്നാൽ ഹൈദരാബാദ് ബൗളർക്കെതിരെ 8 സിക്‌സറുകൾ കൂടി അക്കൗണ്ടിലാക്കിയതോടെ താരം സിക്‌സറുകളുടെ എണ്ണം 61 ആയി ഉയർത്തി. 2012 സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി 59 സിക്‌സറുകൾ അടിച്ചുകൂട്ടിയ 'യൂണിവേഴ്‌സ് ബോസ്' ക്രിസ് ഗെയ്‌ലിന്റെ 14 വർഷം പഴക്കമുള്ള റെക്കോഡാണ് സൂര്യവംശി മറികടന്നത്. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയവരുടെ പട്ടികയിൽ 2019ൽ 52 സിക്സ് നേടിയ ആന്ദ്രെ റസൽ മൂന്നാമതുണ്ട്.
വെടിക്കെട്ട് ഫിഫ്റ്റിയോടെ ഐപിഎൽ പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറിയെന്ന സുരേഷ് റെയ്‌നയുടെ റെക്കോഡിനൊപ്പമെത്താനും ഈ കൗമാരതാരത്തിന് സാധിച്ചു. മുൻപ് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ക്വാളിഫയർ പോരാട്ടത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പർ കിങ്സിനായി റെയ്‌നയും 16 പന്തിൽ ഫിഫ്റ്റി തികച്ചിരുന്നു.










0 comments