Deshabhimani

വൈഭവിനെ പുറത്തിരുത്തിയതിൽ വിമർശനം; 'ഏകാധിപത്യം' എന്ന് ബാല്യകാല പരിശീലകൻ

VAIBHAV GAMBIR
വെബ് ഡെസ്ക്

Published on Oct 12, 2026, 07:36 PM | 1 min read

ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ഇടം ലഭിക്കാതിരുന്ന യുവതാരം വൈഭവ് സൂര്യവംശിക്ക് പിന്തുണയുമായി ബാല്യകാല പരിശീലകൻ മനീഷ് ഓജ.


ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനങ്ങളെ വിമർശിച്ച അദ്ദേഹം, മാനേജ്‌മെന്റ് ഏകാധിപത്യപരമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചു.


15-കാരനായ വൈഭവിന് അന്താരാഷ്ട്ര അരങ്ങേറ്റത്തിന് അവസരം നൽകിയെങ്കിലും വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ തുടർച്ചയായി പുറത്തിരിക്കേണ്ടിവന്നു. അഭിഷേക് ശർമയ്‌ക്കൊപ്പം ഓപ്പണറായി സഞ്ജു സാംസണെയാണ് ആദ്യ മൂന്ന് മത്സരങ്ങളിലും ഇന്ത്യ പരിഗണിച്ചത്.


ബെഞ്ചിലിരുന്ന് താരങ്ങളെ വളർത്താനാകില്ല


വൈഭവ് മികച്ച പ്രതിഭയാണെന്നും അവസരങ്ങൾ ലഭിച്ചാൽ കഴിവ് തെളിയിക്കാനാകുമെന്നും മനീഷ് ഓജ പറഞ്ഞു. അടുത്ത തലമുറയിലെ താരങ്ങളെ വളർത്തിയെടുക്കണമെങ്കിൽ അവരെ മത്സരങ്ങളിൽ കളിപ്പിക്കണമെന്നും ബെഞ്ചിലിരുത്തിയാൽ താരങ്ങൾ വളരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


“എന്റെ അഭിപ്രായത്തിൽ വൈഭവ് ഒരു കൊടുങ്കാറ്റാണ്. ഇന്ന് അല്ലെങ്കിൽ നാളെ, അവനെ നേരിടാൻ ശ്രമിക്കുന്നവർക്ക് തിരിച്ചടി നേരിടേണ്ടിവരും,” സ്പോർട്സ് നൗവിനോട് സംസാരിക്കവെ ഓജ പറഞ്ഞു.


തോന്നുന്നതെന്തും ചെയ്യുന്നു


വൈഭവിന് അവസരം നൽകാതെ പുറത്തിരുത്തുന്നത് താരത്തെ നിരാശനാക്കാനുള്ള ശ്രമമാണോയെന്നും പരിശീലകൻ ചോദിച്ചു. “ഇപ്പോഴത്തെ മാനേജ്‌മെന്റ് ഏകാധിപത്യപരമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. അവർക്ക് തോന്നുന്നതെന്തും ചെയ്യുന്നു,” എന്നായിരുന്നു ഓജയുടെ വിമർശനം.


വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ വൈഭവിന് ഇനി അവസരം ലഭിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home