കെസിഎൽ: തൃശൂർ ടൈറ്റൻസിന് കന്നി കിരീടം

തിരുവനന്തപുരം: തൃശൂർ ടൈറ്റൻസ് കേരള ക്രിക്കറ്റ് ലീഗ് ചാമ്പ്യൻമാർ. ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്‌സ്‌റ്റാർസിനെ നാല് വിക്കറ്റിന് തോൽപ്പിച്ചു. തൃശൂരിന്റെ കന്നിക്കിരീടമാണ്. സ്‌കോർ: കാലിക്കറ്റ് 167/9, തൃശൂർ 169/6(19.3). അഹമ്മദ് ഇമ്രാന്റെ 69 റണ്ണാണ് വിജയത്തിന് അടിത്തറയായത്. സഞ്‌ജീവ് സതീശൻ 29 റണ്ണെടുത്തു. ക്യാപ്‌റ്റൻ എസ് അഖിൽ 19 റണ്ണുമായി വിജയമൊരുക്കി.
ആദ്യം ബാറ്റ് ചെയ്‌ത കാലിക്കറ്റിനായി അഖിൽ സ്‌കറിയയും (45) അശ്വിൻ ആനന്ദും (40) റണ്ണടിച്ചു. ഓപ്പണർമാരായ വരുൺ നായനാരും (2) ക്യാപ്‌റ്റൻ രോഹൻ കുന്നുമ്മലും (21) തിളങ്ങാത്തത് തിരിച്ചടിയായി. കൂറ്റനടിക്കാരായ സൽമാൻ നിസാറും (16) അബ്‌ദുൾ ബാസിതും (14) തിളങ്ങിയില്ല.
ടൈറ്റൻസിനായി അബ്‌ദുൽ റമീസ് മൂന്ന് വിക്കറ്റെടുത്തു. ശരത്‌ചന്ദ്ര പ്രസാദിനും ആനന്ദ് ജോസഫിനും രണ്ട് വിക്കറ്റ് വീതമുണ്ട്. രണ്ടാം ഫൈനലിലും കാലിക്കറ്റിന് കിരീടം സാധ്യമായില്ല. തൃശൂർ ആദ്യ ഫൈനലിൽ നേട്ടം കൊയ്‌തു.








0 comments