ad
Deshabhimani

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം; സർക്കാർ ഇടപെടൽ തേടി ബിസിബി പ്രസിഡന്റ് തമീം ഇഖ്ബാൽ

TAMIM IQBAL

തമീം ഇഖ്ബാൽ

വെബ് ഡെസ്ക്

Published on Jul 31, 2026, 06:19 PM | 2 min read

ധാക്ക: സെപ്റ്റംബറിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമുമായുള്ള പരമ്പരക്ക് ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് ഇന്ത്യയെ അറിയിക്കുന്നതിനായി സർക്കാർ തലത്തിൽ ആശയവിനിമയം നടത്തണമെന്ന് ആവശ്യപ്പെട്ട്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് തമീം ഇഖ്ബാൽ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.


ജൂലൈ 30 ന് നടന്ന കൂടിക്കാഴ്ചയിൽ ബിസിബി സുരക്ഷാ കമ്മിറ്റി ചെയർമാൻ സയീദ് ഇബ്രാഹിമും തമീം ഇഖ്ബാലിനൊപ്പം ഉണ്ടായിരുന്നു. ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷമ ഒബായിദ് ഇസ്ലാമിനെയാണ് സംഘം സന്ദർശിച്ചത്.


കൂടിക്കാഴ്ച നടന്നതായി തമീം ഇഖ്ബാൽ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഇന്ത്യൻ ടീമിന്റെ പര്യടനത്തെ സംബന്ധിച്ച് ഔദ്യോഗികമായാ സ്ഥിരീകരണം ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ തേടിയതെന്നാണ് റിപ്പോർട്ട്.


ഇന്ത്യൻ ടീം സെപ്റ്റംബറിൽ ബംഗ്ലാദേശിലെത്തി മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും ഉൾപ്പെടുന്ന പരമ്പര കളിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 29 ന് പരമ്പര ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി തമീം ഇഖ്ബാൽ പറഞ്ഞിരുന്നു. എന്നാൽ വിഷയം തന്റെ നിയന്ത്രണത്തിന് പുറത്താണെന്നും സർക്കാർ തലത്തിൽ ചില കാര്യങ്ങൾ പരിഹരിക്കേണ്ടത് ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.


2024 ൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-ബംഗ്ലാദേശ് പരമ്പര ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രശ്നനങ്ങളെ തുടർന്ന് മാറ്റിവച്ചിരുന്നു. പിന്നീട ഇത് 2025 ലേക്ക് മാറ്റിയെങ്കിലും ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്ന് പര്യടനം അനിശ്ചിതത്വത്തിലായി.


അതേസമയം, ചില നയതന്ത്ര നീക്കങ്ങളുടെ പശ്ചാത്തലത്തിൽ പരമ്പര നടക്കുമെന്ന പ്രതീക്ഷ വീണ്ടും ഉയർന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സെപ്റ്റംബറിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിലേക്ക് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനെ ഇന്ത്യ ക്ഷണിച്ചതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുരോഗതിയുടെ സൂചനയായാണ് വിലയിരുത്തുന്നത്.


ഇരു രാജ്യങ്ങളും പരമാധികാര സമത്വത്തിന്റെയും പരസ്പര താൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ധാരണയിലെത്തിയതായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. ഖലീലുർ റഹ്മാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.


ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം സർക്കാർ പരിശോധിച്ചുവരികയാണെന്നും തീരുമാനം ഉടൻ അറിയിക്കുമെന്നും ഖലീലുർ റഹ്മാൻ അറിയിച്ചു. അതേസമയം, പരമ്പര സംബന്ധിച്ച് അന്തിമ തീരുമാനം വരാത്തതിനാൽ ബിസിബി താൽപര്യപത്രം സമർപ്പിച്ചിട്ടില്ല. മൂല്യനിർണയം പൂർത്തിയായിട്ടുണ്ടെങ്കിലും തുടർനടപടികൾക്ക് അനുകൂല സൂചന കാത്തിരിക്കുകയാണ് ബിസിബിയെന്നാണ് റിപ്പോർട്ട്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home