സൂര്യകുമാർ തെറിച്ചേക്കും; ട്വന്റി 20 നായകനാകാൻ ശ്രേയസും തിലക് വർമയും

സൂര്യകുമാർ യാദവ്
മുംബൈ: ഇന്ത്യൻ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ട്വന്റി 20 ലോകകപ്പ് കിരീടം നേടി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സൂര്യകുമാറിനെ മാറ്റാനുള്ള നീക്കം നടക്കുന്നത്. ടീമിൽ അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ചും ചർച്ചകൾ നടക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഇന്ത്യയുടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ഈ തീരുമാനം പുറത്തുവരുന്നത്. 2028ലെ ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് പുതിയൊരു ക്യാപ്റ്റനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ.
സൂര്യയ്ക്ക് പകരക്കാരനായി ശ്രേയസ് അയ്യരും തിലക് വർമ്മയുമാണ് ഇപ്പോൾ മുൻപന്തിയിലുള്ളത്. ഐപിഎൽ കിരീടം നേടിയ ക്യാപ്റ്റനായ ശ്രേയസ് അയ്യർ സ്വാഭാവികമായും ആദ്യ പരിഗണനയിലേക്ക് വരും. എന്നാൽ പ്രായം കണക്കിലെടുത്ത് തിലക് വർമയെ ക്യാപ്റ്റനാക്കണമെന്നാണ് സെലക്ഷൻ കമ്മിറ്റിയിലെ പലരുടെയും താല്പര്യം. അങ്ങനെ വന്നാൽ അതൊരു അപ്രതീക്ഷിത തീരുമാനമായിരിക്കും. ശ്രീലങ്കയിൽ നടക്കുന്ന 'എ' സീരീസിൽ തിലകാണ് ക്യാപ്റ്റൻ.
അടുത്തകാലത്തായി സൂര്യകുമാർ യാദവിന്റെ ഫോം മോശമായതാണ് ബിസിസിഐയെ ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. ആകെ 113 ട്വന്റി 20 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള സൂര്യകുമാർ, 36.35 ശരാശരിയിലും 162.94 സ്ട്രൈക്ക് റേറ്റിലും 3272 റൺസ് നേടിയിട്ടുണ്ട്. എന്നാൽ, അടുത്തകാലത്തായി പ്രകടനത്തിലെ കണക്കുകൾ വളരെ താഴോട്ടാണ്. 2025 ജനുവരി 1 മുതൽ 2026 മാർച്ച് വരെ 35 മത്സരങ്ങളിൽ നിന്ന് 26 ശരാശരിയിൽ 702 റൺസ് മാത്രമാണ് സൂര്യകുമാർ നേടിയത്. 2024 ജനുവരി 1 മുതൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിൽ 18 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 26.81 ശരാശരിയിൽ 429 റൺസാണ് അദ്ദേഹം നേടിയത്.









0 comments