ad
Deshabhimani

'ക്രിക്കറ്റ് അറിയാത്തവരാണ് അത് പറയുന്നത്'; പരിക്കിന്റെ വാർത്തകൾ തള്ളി മുംബൈ താരം സൂര്യകുമാർ യാദവ്

suryakumar

Photo Credit: BCCI

വെബ് ഡെസ്ക്

Published on May 26, 2026, 03:55 PM | 1 min read

മുംബൈ: കൈത്തണ്ടയിലെ പരിക്കിനെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് രംഗത്ത്. ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റൻ കൂടിയായ സൂര്യകുമാറിന് ഈ ഐപിഎൽ സീസൺ അത്ര മികച്ചതായിരുന്നില്ല.


കളിച്ച 13 മത്സരങ്ങളിൽ നിന്ന് 270 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ടൂർണമെന്റിൽ കളിച്ച 14 മത്സരങ്ങളിൽ 4 ജയം മാത്രം നേടിയ മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.


രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന് മുന്നോടിയായി ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരോട് സംസാരിക്കവെയാണ് സൂര്യകുമാർ പരിക്കിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ടത്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ താരം ശക്തമായി പ്രതികരിക്കുകയും ചെയ്തു


"എന്റെ കൈത്തണ്ടയ്ക്ക് പരിക്കേറ്റതായി സംസാരിക്കുന്നവർ ഒന്നുകിൽ ഫിസിയോമാരായിരിക്കണം അല്ലെങ്കിൽ ക്രിക്കറ്റ് എന്താണെന്ന് അറിയാത്തവരായിരിക്കണം.


എനിക്ക് അങ്ങനെ ഒരു പരിക്കുണ്ടായിരുന്നെങ്കിൽ, പരിശീലനത്തിലും മത്സരങ്ങളിലും ഞാൻ കളിക്കുന്ന ഷോട്ടുകൾ, പ്രത്യേകിച്ച് പൂർണ്ണമായും കൈത്തണ്ടയുടെ ചലനങ്ങളെയും കോർഡിനേഷനെയും ആശ്രയിച്ചുള്ള ഫ്ലിക് ഷോട്ടുകൾ എനിക്ക് കളിക്കാൻ സാധിക്കില്ലായിരുന്നു," സൂര്യകുമാർ പറഞ്ഞു.


ഇത്തരം കാര്യങ്ങൾ തന്റെ നിയന്ത്രണത്തിൽ അല്ലാത്തതിനാൽ താൻ കൂടുതൽ ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


തന്റെ ഫോമില്ലായ്മയെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ചും താരം മനസ്സുതുറന്നു. കളിയിലെ ഫലങ്ങൾ എപ്പോഴും നമ്മുടെ കൈകളിൽ ആയിരിക്കില്ലെന്നും എന്നാൽ കഠിനാധ്വാനത്തിലും ശരിയായ പ്രക്രിയയിലും മാത്രമാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


വർഷത്തിന്റെ തുടക്കത്തിൽ ന്യൂസിലൻഡ് പരമ്പരയിൽ തനിക്ക് പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് ലഭിച്ചിരുന്ന കാര്യവും താരം ഓർമ്മിപ്പിച്ചു.


ഐപിഎല്ലിൽ റൺസ് കണ്ടെത്താനായില്ലെങ്കിലും കഠിനാധ്വാനം ചെയ്യുന്നത് താൻ നിർത്തിയിട്ടില്ലെന്ന് സൂര്യകുമാർ വ്യക്തമാക്കി. പ്രകടനം എപ്പോഴും മുൻകൂട്ടി ഉറപ്പുനൽകാൻ കഴിയില്ലെന്നും എന്നാൽ കഠിനാധ്വാനം ചെയ്യുക എന്നത് മാത്രമാണ് ഒരു കളിക്കാരന്റെ കൈകളിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.


വിജയം വന്നാൽ സന്തോഷം, വന്നില്ലെങ്കിലും നിരാശപ്പെടാതെ വീണ്ടും പോരാടുമെന്നും വൈകാതെ തന്നെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുമെന്നും താരം പ്രത്യാശ പ്രകടിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home