അർജുന രണതുംഗയുടെ ചിറകിലേറി ശ്രീലങ്കയുടെ ചരിത്ര വിജയത്തിന് 30 ആണ്ട്

ലോകകപ്പുമായി ക്യാപ്റ്റൻ അർജുന രണതുംഗ
കൊളംബോ: ശ്രീലങ്ക സന്തോഷിച്ച രാത്രിയായിരുന്നു അത്.1996 മാർച്ച് 17 ന് പാകിസ്താനിലെ ലാഹോറിൽ അവരുടെ ചരിത്ര വിജയം പിറന്നു. ക്രിക്കറ്റിലെ കരുത്തരായ ഓസ്‌ട്രേലിയയെ മലർത്തിയടിച്ച ശ്രീലങ്ക അവരുടെ ആദ്യത്തെയും ചരിത്രത്തിലെ ഒരേയൊരു ഏകദിന ലോകകപ്പും സ്വന്തമാക്കിയ ദിനം.1975 മുതലുള്ള എല്ലാ ലോകകപ്പിലും പങ്കെടുത്തിട്ടും,അയൽ രാജ്യങ്ങളായ ഇന്ത്യ 1983 ലും പാകിസ്ഥാൻ 1992 ലും ലോകകപ്പ് ഉയർത്തിയിട്ടും ശ്രീലങ്കക്ക് അത് ഒരു കിട്ടാക്കനിയായിരുന്നു
നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്ത ഓസ്‌ട്രേലിയയെ മറുപടി ബാറ്റിങ്ങിൽ 22 ബോൾ ശേഷിക്കെ 7 വിക്കറ്റിന് രണതുംഗയുടെ നേതൃത്വത്തിലുള്ള ശ്രീലങ്ക ടീം കീഴടക്കി. മാർക്ക് വോ -സ്റ്റീവ് വോ സഹോദരങ്ങൾ,റിക്കി പോണ്ടിങ്,ഇയാൻ ഹീലി,ഷെയിൻ വോൺ,ഗ്ലെൻ മഗ്രാത്ത്,മൈക്കിൾ ബെവൻ,ഡാമിയൻ ഫ്ലെമിംഗ് തുടങ്ങിയ ഇതിഹാസങ്ങളുമായെത്തിയ ഓസ്‌ട്രേലിയൻ ടീമിനെയാണ് ശ്രീലങ്ക മലത്തിയടിച്ചത്.അക്കാലത്തു കരുത്തരായ ഓസ്‌ട്രേലിയയെ തളക്കുക അല്പം കഠിനമായിരുന്നു.
അരവിന്ദ ഡിസിൽവയുടെ 107 റൺസ് സെഞ്ചുറിയും ,3 വിക്കറ്റ് പ്രകടനവും 2 മികച്ച ക്യാച്ചും ശ്രീലങ്കയുടെ വിജയത്തിന് അടിത്തറപാകി.ക്യാപ്റ്റൻ രണതുങ്കയുടെ 37 ബോളിലെ 47 റൺസ് പ്രകടനവും ശ്രീലങ്കയ്‌യുടെ വിജയം എളുപ്പമാക്കി.സെമി ഫൈനലിൽ കരുത്തരായ ഇന്ത്യയെയും ,ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെയും തോൽപിച്ച എത്തിയ ശ്രീലങ്ക ഈ കിരീടം തങ്ങൾക്ക് തന്നെ എന്ന് ഏറെക്കുറെ ഉറപ്പിച്ച വന്നപോലായിരുന്നു.
90 കളുടെ തുടക്കത്തിൽ ശ്രീലങ്ക ഒരു അശക്തരായ ക്രിക്കറ്റ് രാജ്യമായാണ് മറ്റ് വൻ ക്രിക്കറ്റ് രാഷ്ട്രങ്ങൾ കണ്ടിരുന്നത്.എന്നാൽ 1996 ലോകകപ്പോടെ അവരുടെ ഉയർച്ചയുടെ കാലമായിരുന്നു. വമ്പൻ ശക്തികളെയെല്ലാം നിലംപരിശാക്കി അവർ അവരുടെ പ്രഥമ ലോകപ്പ് നേടി.ഐസിസിയുടെ പരമോന്നത ടുർണമെന്റുകളിൽ ഒന്നായ ചാമ്പ്യൻസ് ട്രോഫി 2003 ൽ ഇന്ത്യയുമായി പങ്കിട്ട അവർ തങ്ങളുടെ ശക്തമായ സാന്നിധ്യം ക്രിക്കറ്റ് ലോകത്തു ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
സനത് ജയസൂര്യ ,മുത്തയ്യ മുരളീധരൻ ,ചാമിന്ദ വാസ് ,മഹേള ജയവർധന ,കുമാർ സങ്കക്കാര,തുടങ്ങിയ ഇതിഹാസങ്ങൾ അവർക്കൊപ്പം ഉണ്ടായിരുന്നു. 2007 ലോകകപ്പിലും 2011 ലോകകപ്പിലും ഫൈനലിലെത്തി യഥാക്രമം ഓസ്‌ട്രേലിയയോടും ഇന്ത്യയോടും പരാജയപ്പെട്ടെങ്കിലും അവർ തങ്ങളുടെ മേധാവിത്വം അറിയിച്ചു.
ശ്രീലങ്കയുടെ പേസ് ബോളിങ് കുന്തമുനയായിരുന്ന ലസിത് മല്ലിങ്കയുടെ ക്യാപ്റ്റൻസിയിൽ 2014 ൽ ടി20 ലോകകപ്പ് നേടാൻ അവർക്കായി.എങ്കിലും 1996 ന് ശേഷം പല ഇതിഹാസ ക്യാപ്റ്റന്മാർ ശ്രീലങ്കയെ നയിച്ചെങ്കിലും 30 വർഷത്തിനിപ്പുറവും അർജുന രണതുംഗ അന്ന് ഉയർത്തിയ ഏകദിന ലോകകപ്പ് കിരീടം ശ്രീലങ്കയ്ക്ക് ഇന്നും ഒരു കിട്ടാക്കനിയായി തുടരുന്നു.










0 comments