ഐപിഎൽ 2027; ഡൽഹി ക്യാപിറ്റൽസ് ഹെഡ് കോച്ചായി സൗരവ് ഗാംഗുലിയും ബാറ്റിങ് കോച്ചായി യുവരാജ് സിങ്ങും എത്തിയേക്കും

Photo Credit:Social Media
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ ഐപിഎൽ സീസണിൽ വൻ അഴിച്ചുപണിക്കൊരുങ്ങി ഡൽഹി ക്യാപിറ്റൽസ് ഫ്രാഞ്ചൈസി. മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ സൗരവ് ഗാംഗുലിയും യുവരാജ് സിങ്ങും ടീമിന്റെ പ്രധാന കോച്ചിംഗ് പദവികളിലേക്ക് എത്തിയേക്കും
ഗാംഗുലിയെ ടീമിന്റെ ഹെഡ് കോച്ചായും, യുവരാജ് സിങ്ങിനെ ബാറ്റിംഗ് കോച്ചായും ഡൽഹി ക്യാപിറ്റൽസ് മാനേജ്‌മെന്റ് നിയമിച്ചേക്കും.
നിലവിലെ പരിശീലകനിര പുറത്തേക്ക്?
ഐപിഎൽ 2026 സീസണിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ഡൽഹി ക്യാപിറ്റൽസ് ഫ്രാഞ്ചൈസി ഫിനിഷ് ചെയ്തത്. ഈ മോശം പ്രകടനത്തിന് പിന്നാലെ ടീം ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ലെങ്കിലും നിലവിലെ പരിശീലകരെ മാറ്റാനാണ് സാധ്യത.
കഴിഞ്ഞ രണ്ട് സീസണുകളായി ടീമിനൊപ്പമുള്ള വേണുഗോപാൽ റാവു (ടീം ഡയറക്ടർ), ഹേമാംഗ് ബദാനി (ഹെഡ് കോച്ച്), മുനാഫ് പട്ടേൽ (ബോളിംഗ് കോച്ച്), ഇയാൻ ബെൽ (അസിസ്റ്റന്റ് കോച്ച്) എന്നിവരടങ്ങുന്ന നിലവിലെ നിരയെ ടീം നിലനിർത്തിയേക്കില്ല.
ഉടമസ്ഥതയിലെ മാറ്റവും ഗാംഗുലിയുടെ കോച്ചിംഗ് പരിചയവും
ഡൽഹി ക്യാപിറ്റൽസിന്റെ സഹഉടമകളായ ജിഎംആർ സ്പോർട്സും , ജിൻഡാൽ സൗത്ത് വെസ്റ്റ് സ്പോർട്സും തമ്മിൽ മുൻപുണ്ടാക്കിയ ധാരണപ്രകാരം ഓരോ രണ്ട് വർഷത്തെ സൈക്കിളിലും മാറിമാറിയാണ് ഫ്രാഞ്ചൈസിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
2024 ൽ ജെഎസ് ഡബ്‌ള്യുവിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റായി നിയമിതനായ സൗരവ് ഗാംഗുലിക്ക് ഡൽഹി ടീമുമായി ദീർഘകാലത്തെ ബന്ധമുണ്ട്. മുൻപ് 2019 ഐപിഎല്ലിൽ ഡൽഹിയുടെ മെന്ററായി പ്രവർത്തിച്ച അദ്ദേഹം, ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗായ എസ്എ 20-ൽ പ്രിട്ടോറിയ ക്യാപിറ്റൽസിന്റെ ഹെഡ് കോച്ചായും വനിതാ പ്രീമിയർ ലീഗിലെ ഡൽഹി ടീമിലും സജീവമായി ഇടപെട്ടിരുന്നു.
പരിശീലകനായി യുവരാജിന്റെ അരങ്ങേറ്റം; ഋഷഭ് പന്തിന്റെ തിരിച്ചുവരവ്
2019 ൽ വിരമിച്ചതിന് ശേഷം യുവരാജ് സിംഗ് ഔദ്യോഗികമായി ഏറ്റെടുക്കുന്ന ആദ്യ കോച്ചിംഗ് പദവിയാണിത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശുഭ്മൻ ഗിൽ, അഭിഷേക് ശർമ്മ തുടങ്ങിയ പ്രമുഖ യുവ താരങ്ങളുടെ ബാറ്റിംഗ് മെച്ചപ്പെടുത്തുന്നതിൽ യുവരാജ് വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ നിന്നും ട്രേഡിംഗിലൂടെ ഋഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തുന്നതിന് പിന്നിലും ഗാംഗുലിയും യുവരാജും സജീവമായി ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം. നിലവിൽ അക്സർ പട്ടേൽ നയിക്കുന്ന ഡൽഹി ക്യാപിറ്റൽസിന് കഴിഞ്ഞ 19 സീസണുകളിൽ ഒരിക്കൽ പോലും ഐപിഎൽ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല.










0 comments