ഇന്ത്യയിൽ നിന്നുള്ള ഏക വ്യക്തി
ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള കായികതാരങ്ങളുടെ പട്ടികയിൽ സ്മൃതി മന്ദാന

ന്യൂയോർക്ക്: ടൈം മാഗസിൻ പുറത്തിറക്കിയ 2026ൽ കായികരംഗത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഈ പട്ടികയിൽ ഇടം നേടാൻ കഴിഞ്ഞ ഒരേയൊരു ഇന്ത്യൻ വ്യക്തിത്വമാണ് ഇരുപത്തൊമ്പതുകാരിയായ സ്മൃതി മന്ദാന. ഇന്ത്യൻ വനിതാ ദേശീയ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാണ് സ്മൃതി.
അന്താരാഷ്ട്ര സൂപ്പർതാരങ്ങൾക്കൊപ്പമാണ് സ്മൃതിയുടെ നേട്ടം. അമേരിക്കൻ ബാസ്കറ്റ്ബോൾ ഇതിഹാസം ലെബ്രോൺ ജെയിംസ് ആണ് പട്ടികയിൽ ആദ്യം. ഫുഡ്ബോൾ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, കാർലോസ് അൽകാരസ് (ടെന്നീസ്), എലീൻ ഗു (സ്കീയിങ്), വിക്ടർ വെംബന്യാമ (ബാസ്കറ്റ്ബോൾ), റോറി മക്ൽറോയ് (ഗോൾഫ്) തുടങ്ങിയ ആഗോള കായിക പ്രതിഭകളും ഈ പട്ടികയിൽ ഉൾപ്പെടുന്നു.ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ക്യാപ്റ്റൻ ടെംബ ബവുമ, ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ എന്നിവരും പട്ടികയിലുണ്ട്.
ആഭ്യന്തര ഏകദിന മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിതയാണ് സ്മൃതി മന്ദാന. മുംബൈയിൽ ജനിച്ച സ്മൃതി ലെഫ്റ്റ്ഹാൻഡ് ഓപ്പണർ ആണ്. കൂടാതെ മൂന്ന് അന്താരാഷ്ട്ര ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിതയുമാണ് സ്മൃതി. 17 അന്താരാഷ്ട്ര സെഞ്ച്വറികൾ സ്മൃതി മന്ദാനയുടെ പേരിലാണ്.
ഒരു കലണ്ടർ വർഷത്തിൽ 1,000-ൽ കൂടുതൽ ഏകദിന റൺസ് നേടിയ ആദ്യ വനിതയാണ് സ്മൃതി. 2024ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന വനിതാ താരമെന്ന റെക്കോർഡും സ്ഥാപിച്ചു. 2025ൽ ആ റെക്കോർഡ് തിരുത്തുകയും 2025ലെ ബിബിസി ഇന്ത്യൻ സ്‌പോർട്‌സ് വുമൺ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
2024, 2026 വർഷങ്ങളിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (RCB) വനിതാ പ്രീമിയർ ലീഗ് (WPL) കിരീടത്തിലേക്ക് നയിച്ചു. കഴിഞ്ഞ വർഷത്തെ ഐസിസി വനിതാ ലോകകപ്പിൽ ഇന്ത്യ വിജയം നേടിയപ്പോൾ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. ആ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം കൂടിയായിരുന്നു സ്മൃതി മന്ദാന.










0 comments