print edition ഇനി മന്ദാനക്കാലം

റായ്‌പുർ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഴുവൻ സമയ ക്യാപ്‌റ്റനായി സ്‌മൃതി മന്ദാന അരങ്ങേറുന്നു. സിംബാബ്‌വേക്കെതിരായ ട്വന്റി20 –ഏകദിന പരമ്പരകളാണ് മുപ്പതുകാരിയുടെ ആദ്യ പരീക്ഷണം. ഇന്ന് രാത്രി ഏഴിന് റായ്‌പുർ വീർ നാരായൺ സിങ് സ്‌റ്റേഡിയത്തിലാണ് ഒന്നാം ട്വന്റി20 മത്സരം. 18നും 20നും കളിയുണ്ട്. തുടർന്നാണ് മൂന്ന് ഏകദിന മത്സരങ്ങൾ.
ഏഷ്യാകപ്പും ഏഷ്യൻ ഗെയിംസും ജയിച്ചാണ് ഇന്ത്യൻ ടീമിന്റെ വരവ്. ക്യാപ്‌റ്റൻ സ്ഥാനം ഒഴിയുകയാണെന്ന് ഹർമൻപ്രീത് കൗർ പ്രഖ്യാപിക്കുകയായിരുന്നു. 2000മുതൽ 2012വരെ വനിതാ ടീമിന് ആറ് ക്യാപ്‌റ്റൻമാരുണ്ടായി. എന്നാൽ കഴിഞ്ഞ 14 വർഷത്തിനിടെ മിതാലി രാജും ഹർമൻപ്രീതുമാണ് നയിച്ചത്. പല സാഹചര്യങ്ങളിലായി 18 തവണ സ്‌മൃതി ട്വന്റി20 ടീമിനെ നയിച്ചിട്ടുണ്ട്. അതിൽ 11 ജയവും ആറ് തോൽവിയുമാണ്. ഒരു കളിയിൽ ഫലമുണ്ടായില്ല.
പത്ത് വർഷത്തോളം ഹർമൻ ഇന്ത്യയെ നയിച്ചു. തുടർന്നാണ് തലമുറമാറ്റമെന്നോണം സ്‌മൃതി നായികയായി എത്തുന്നത്. ഷഫാലി വർമയാണ് വൈസ് ക്യാപ്‌റ്റൻ. ടീമിൽ ഹർമൻപ്രീതുണ്ട്. മലയാളി ഓൾറൗണ്ടർ മിന്നുമണി ടീമിൽ തിരിച്ചെത്തി. ജോസഫൈൻ എൻകോമോ നയിക്കുന്ന സിംബാബ്‌വേ ഇന്ത്യക്കെതിരെ ചെറുത്തുനിൽക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞമാസം വെസ്‌റ്റിൻഡീസിനെ ഏകദിനത്തിൽ തോൽപ്പിച്ച ആത്മവിശ്വാസമുണ്ട്.









0 comments