ad
Deshabhimani

സൂപ്പർ ഫാസ്‌റ്റ്‌ മന്ദാന ; ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചുറി

Smriti Mandana
avatar
Sports Desk

Published on Sep 21, 2025, 03:33 AM | 1 min read

ന്യൂഡൽഹി

ഏകദിന ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയുമായി വനിതാ ടീം വൈസ്‌ ക്യാപ്‌റ്റൻ സ്‌മൃതി മന്ദാന. ഓസ്‌ട്രേലിയൻ വനിതകൾക്കെതിരായ മൂന്നാം ഏകദിനത്തിൽ 50 പന്തിലാണ്‌ ഇടംകൈ ബാറ്റർ മൂന്നക്കം കടന്നത്‌. തകർപ്പനൊരു സിക്‌സറിലൂടെ സെഞ്ചുറി പൂർത്തിയാക്കി. 23 പന്തിലായിരുന്നു അർധസെഞ്ചുറി. 63 പന്തിൽ 125 റണ്ണുമായാണ് മടങ്ങിയത്. അഞ്ച് സിക്-സർ, 17 ഫോർ.


വിരാട്‌ കോഹ്‌ലിയുടെ പേരിലായിരുന്നു സെഞ്ചുറി റെക്കോഡ്‌. 2013ൽ ഓസ്‌ട്രേലിയക്കെതിരെ 52 പന്തിലായിരുന്നു കോഹ്‌ലിയുടെ നേട്ടം. വനിതകളിൽ ലോകത്തെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയാണ്‌. 45 പന്തിൽ സെഞ്ചുറി നേടിയ ഓസീസിന്റെ മെഗ്‌ ലാന്നിങ്ങിന്റെ പേരിലാണ്‌ റെക്കോഡ്‌. 2012ൽ ന്യൂസിലൻഡിനെതിരെയാണ്‌ ലാന്നിങ്‌ നേട്ടം കുറിച്ചത്‌.


കിടയറ്റ പ്രകടനത്തിലൂടെ മറ്റ്‌ ചില റെക്കോഡുകളും മന്ദാന സ്വന്തം പേരിലാക്കി. തുടർച്ചയായി രണ്ട്‌ മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ്‌. ഏകദിനത്തിൽ സെഞ്ചുറികളുടെ എണ്ണം 13 ആയി. 15 എണ്ണവുമായി ലാനിങ്‌ ആണ്‌ ഒന്നാമത്‌. ന്യൂസിലൻഡിന്റെ സൂസി ബേറ്റ്‌സ്‌ 13 എണ്ണവുമായി മന്ദാനയ്‌ക്കൊപ്പമുണ്ട്‌. ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ വേഗമേറിയ മൂന്ന്‌ സെഞ്ചുറികളും ഇരുപത്തൊമ്പതുകാരിയുടെ പേരിലാണ്‌.


പരമ്പരയിൽ രണ്ട്‌ സെഞ്ചുറികളും ഒരു അർധസെഞ്ചുറിയും ഉൾപ്പെടെ 300 റണ്ണാണ്‌ നേടിയത്‌. പരമ്പരയിലെ മികച്ച താരവുമായി. 108 മത്സരങ്ങളിലായി 4888 റണ്ണാണ്‌ ആകെ സമ്പാദ്യം.


വനിതകളിലെ വേഗമേറിയ സെഞ്ചുറികൾ

45 പന്ത്‌: മെഗ്‌ ലാന്നിങ്‌ (ഓസ്‌ട്രേലിയ)

50: സ്‌മൃതി മന്ദാന (ഇന്ത്യ)

57: കാറെൻ വാൾട്ടൺ (ഓസ്‌ട്രേലിയ)

57: ബെത്‌ മൂണി (ഓസ്ട്രേലിയ)

ഇന്ത്യയുടെ അതിവേഗ സെഞ്ചുറികൾ

50 പന്ത്‌: സ്‌മൃതി മന്ദാന

52: വിരാട്‌ കോഹ്‌ലി

60: വിരേന്ദർ സെവാഗ്‌

61: വിരാട്‌ കോഹ്‌ലി

62: മുഹമ്മദ്‌ അസ്‌ഹറുദീൻ





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home