ad
Deshabhimani

ഒറ്റപ്പേരിലേക്ക് എത്തുന്നു; നായകനാകാൻ ശ്രേയസ്? ബിസിസിഐ മീറ്റിങിൽ പങ്കെടുത്തേക്കും

Shreyas Iyer

ശ്രേയസ് അയ്യർ | Photo Credit: Instagram/Shreyas Iyer

വെബ് ഡെസ്ക്

Published on Jun 05, 2026, 11:10 AM | 2 min read

മുംബൈ: ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റൻ സ്ഥാനത്തേക്ക് ശ്രേയസ് അയ്യരെ പരി​ഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. വ്യാഴാഴ്ച നടന്ന ബിസിസിഐ അപെക്സ് കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച ധാരണയായെന്നാണ് സൂചന. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമുകളെ തിരഞ്ഞെടുക്കുന്നതിനായി ശനിയാഴ്ച നടക്കുന്ന ബിസിസിഐ സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ശ്രേയസ് അയ്യർ പങ്കെടുക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


നിലവിൽ ട്വന്റി20 നായകനായ സൂര്യകുമാർ യാദവിനെ സ്ഥാനത്തുനിന്ന് മാറ്റുമെന്ന് ഉറപ്പായിട്ടുണ്ട്. ടീമിലെ സ്ഥാനവും സംശയത്തിലാണ്‌. ട്വന്റി20 ലോകകപ്പ്‌ നേടാനായെങ്കിലും ബാറ്ററെന്ന രീതിയിൽ സൂര്യകുമാറിന്റെ പ്രകടനം മോശമായിരുന്നു. പിന്നാലെ ഐപിഎല്ലിലും തിളങ്ങാനായില്ല. അടുത്ത ലോകകപ്പും ഒളിമ്പിക്‌സും ലക്ഷ്യമിട്ട്‌ പുതിയൊരു നായകനെയാണ്‌ ടീം മാനേജ്‌മെന്റ്‌ തേടുന്നത്‌. ആ പദ്ധതികളിൽ സൂര്യകുമാറിന്‌ ഇനി സ്ഥാനമില്ല. പ്രായവും പ്രതികൂല ഘടകമാണ്‌.


പകരക്കാരനായി ശ്രേയസിനെ കൂടാതെ, തിലക്‌ വർമ, ഇഷാൻ കിഷൻ എന്നിവരുടെ പേരുകളും പരി​ഗണിച്ചിരുന്നു. മലയാളി വിക്കറ്റ്‌ കീപ്പർ സഞ്‌ജു സാംസന്റെ പേര്‌ ആദ്യ ഘട്ടത്തിൽ ഉയർന്നുവന്നിരുന്നു. എന്നാൽ അവസാനവട്ട ചർച്ചകൾ ശ്രേയസിലേക്ക് തന്നെ എത്തിയെന്നാണ് റിപ്പോർട്ടുകൾ.


2023 ഡിസംബറിൽ ബംഗളൂരുവിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ശ്രേയസ് അയ്യർ അവസാനമായി ഒരു അന്താരാഷ്ട്ര ട്വന്റി 20 മത്സരം കളിച്ചത്. അടുത്തിടെ സമാപിച്ച ഐപിഎൽ പുതിയ സീസണിൽ പഞ്ചാബ് കിംഗ്സിനായി 498 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ച കരുത്തിലാണ് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ്.


പരിശീലകൻ ഗ‍ൗതം ഗംഭീറുമായുള്ള ബന്ധവും ശ്രേയസിന്‌ ഗുണം ചെയ്യുമെന്നാണ്‌ വിലയിരുത്തൽ. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ജേതാക്കളാകുന്പോൾ ശ്രേയസ്‌ ക്യാപ്‌റ്റനും ഗംഭീർ ടീം മെന്ററുമായിരുന്നു.


പതിനഞ്ചുകാരൻ വൈഭവ്‌ സൂര്യവംശിയെ ടീമിലെടുത്തേക്കും. ഐപിഎല്ലിലെ മികച്ച റൺവേട്ടക്കാരനായിരുന്നു രാജസ്ഥാൻ റോയൽസ്‌ ഓപ്പണർ. ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ്‌ ബംഗള‍ൂരു ക്യാപ്‌റ്റൻ രജത്‌ പടീദാറും ടീമിലെത്തിയേക്കും. സൂര്യകുമാറിന്റെ സ്ഥാനത്ത്‌ പടീദാർ കളിക്കും. ബംഗളൂരുവിനെ തുടർച്ചയായി രണ്ട് കിരീടങ്ങൾ സമ്മാനിച്ചിട്ടുണ്ട് പടീദാർ.


ഇന്ത്യൻ ടീമിന്റെ അടുത്ത ട്വന്റി20 ദൗത്യം അയർലൻഡ് പര്യടനമാണ്. അവിടെ രണ്ട് മത്സരങ്ങൾ കളിച്ച ശേഷം, അഞ്ച് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അടങ്ങുന്ന പരമ്പരയ്ക്കായി ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കും. അയർലൻഡിനെതിരെയുള്ള ആദ്യ ട്വന്റി20 ജൂൺ 26നും രണ്ടാം മത്സരം ജൂൺ 28നുമാണ് നിശ്ചയിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home