ഐപിഎൽ കമന്ററി ബോക്സിൽ വാക്പോര്; അശ്വിനെ പരിഹസിച്ച് സെവാഗ്

മുംബൈ: ഐപിഎൽ കമന്ററി ബോക്സിൽ മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സെവാഗും ആർ അശ്വിനും തമ്മിലുണ്ടായ വാക്കേറ്റം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ജിയോ ഹോട്ട് സ്റ്റാർ കമന്ററി പാനലിൽ അശ്വിൻ അരങ്ങേറ്റം കുറിച്ച ബെംഗളൂരു-ഹൈദരാബാദ് മത്സരത്തിനിടെയായിരുന്നു സംഭവം.
മത്സര വിശകലനത്തിന് പകരം വ്യക്തിപരമായ പരിഹാസങ്ങൾക്ക് സെവാഗ് മുൻഗണന നൽകിയതാണ് തർക്കങ്ങൾക്ക് കാരണമായത്. കമന്ററി പറയുന്ന സമയത്ത് അശ്വിൻ അമിതമായി ബുദ്ധി ഉപയോഗിക്കരുതെന്ന സെവാഗിന്റെ പരാമർശമാണ് തർക്കങ്ങളുടെ തുടക്കം. ഇന്ന് നമ്മൾ ഹൃദയം കൊണ്ട് സംസാരിക്കും, അല്ലാതെ ലോജിക്കും ചിന്തയും വെച്ചല്ല എന്ന സെവാഗിന്റെ വാദത്തിന് അശ്വിൻ കൃത്യമായ മറുപടി നൽകി.
ചിന്തിച്ച് മാത്രം സംസാരിക്കണമെന്നും ഒന്നും ആലോചിക്കാതെ പറയരുതെന്നുമാണ് മാതാപിതാക്കൾ തന്നെ പഠിപ്പിച്ചിട്ടുള്ളതെന്ന് അശ്വിൻ തിരിച്ചടിച്ചു. എന്നാൽ ഇതിന് ശേഷവും അശ്വിന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സിനെ ലക്ഷ്യം വെച്ച് സെവാഗ് പരിഹാസം തുടർന്നു.
ചിലർ ഫോളോവേഴ്സ് കുറയുമെന്ന് പേടിച്ച് സത്യം പറയാൻ മടിക്കുന്നുവെന്നും ആരാധകരുടെ എണ്ണം നോക്കിയാണ് സംസാരിക്കുന്നതെന്നുമായിരുന്നു സെവാഗിന്റെ ആക്ഷേപം.കമന്ററി ബോക്സിലെ നിലവാരത്തകർച്ചയ്ക്കെതിരെ ആരാധകർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
കളിയെക്കുറിച്ചുള്ള കൃത്യമായ വിശകലനത്തിന് പകരം വ്യക്തിപരമായ അധിക്ഷേപങ്ങളും തമാശകളും ഐപിഎൽ പോലുള്ള വലിയ ടൂർണമെന്റുകൾക്ക് അനുയോജ്യമല്ലെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം. നവ്ജ്യോത് സിംഗ് സിദ്ധു, ആകാശ് ചോപ്ര തുടങ്ങിയവർക്കെതിരെയും മുൻപ് സമാനമായ വിമർശനങ്ങൾ ഉയർന്നിരുന്നു.










0 comments