സഞ്ജുവിന് പകരം വൈഭവ്?; അഫ്ഗാനെതിരായ മൂന്നാം ട്വന്റി20യിൽ മാറ്റങ്ങൾക്ക് സാധ്യത

സഞ്ജു സാംസൺ (ഇടത്) വൈഭവ് സൂര്യവംശി (വലത്)| Photo:BCCI
ന്യൂഡൽഹി : അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20യിലെ തകർപ്പൻ പ്രകടനത്തോടെ ഫോമിലേക്ക് തിരിച്ചെത്തിയ സഞ്ജു സാംസണിന് മൂന്നാം മത്സരത്തിൽ വിശ്രമം അനുവദിച്ചേക്കും. പരമ്പര 2-0ന് സ്വന്തമാക്കിയ സാഹചര്യത്തിൽ, അവസരം ലഭിക്കാത്ത താരങ്ങൾക്ക് മൂന്നാം മത്സരത്തിൽ അവസരം നൽകുമെന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യർ സൂചന നൽകി.
രണ്ടാം മത്സരത്തിൽ 22 പന്തിൽ 57 റൺസെടുത്ത സഞ്ജുവിന്റെ മികവിലാണ് ഇന്ത്യ 160 റൺസ് വിജയലക്ഷ്യം 14.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നത്. ആദ്യ മത്സരത്തിലും ഇന്ത്യ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. മൂന്നാം മത്സരത്തിൽ ഇതുവരെ കളിക്കാൻ അവസരം ലഭിക്കാത്ത 15കാരൻ വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചേക്കും.
'എല്ലാവർക്കും വിക്കറ്റുമായി പരിചയപ്പെടാനും പരിശീലിക്കാനും അവസരം നൽകണമെന്നാണ് ആഗ്രഹം. പുറത്തിരിക്കുന്ന താരങ്ങൾക്ക് അവസരം നൽകാൻ ഇത് നല്ല സമയമാണ്, മത്സരശേഷം അയ്യർ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ജൂലൈയിലെ ട്വന്റി20 പരമ്പരയിലൂടെയാണ് സൂര്യവംശി സീനിയർ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ ആറ് ട്വന്റി20 മത്സരങ്ങളിൽ കളിച്ച താരം 189.21 സ്ട്രൈക്ക് റേറ്റിൽ 193 റൺസ് നേടിയിട്ടുണ്ട്. രണ്ട് അർധസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.
അടുത്തിടെ നടന്ന ദുലീപ് ട്രോഫിയിലും ഈസ്റ്റ് സോണിനായി സൂര്യവംശി കളിച്ചിരുന്നു. അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 38.40 ശരാശരിയിൽ 192 റൺസാണ് താരം നേടിയത്. ഒരു അർധസെഞ്ചുറിയും നേടി. ഫൈനലിൽ സൗത്ത് സോണിനോട് പരാജയപ്പെട്ട ഈസ്റ്റ് സോൺ റണ്ണറപ്പായി.
അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പര തോൽവികളോടെയാണ് അയ്യറുടെ ട്വന്റി 20 ക്യാപ്റ്റൻസി തുടങ്ങിയത്. പിന്നീട് സിംബാബ്‌വെയ്‌ക്കെതിരെ 3-0ന് പരമ്പര നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെയും പരമ്പര സ്വന്തമാക്കി. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അവസാനത്തെ ട്വന്റി20 വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടക്കും.









0 comments