print edition കണ്ണുകൾ രോഹിതിൽ

രോഹിത് ശർമ
ലോർഡ്‌സ്: മുൻ ക്യാപ്‌റ്റൻ രോഹിത് ശർമ ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന മത്സരം നടക്കുന്ന ലോർഡ്‌സ് ഇതോടെ ശ്രദ്ധാകേന്ദ്രമായി. ഇൗ മത്സരം മുപ്പത്തൊമ്പതുകാരന്റെ അവസാനത്തേതാകുമെന്നാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ.
അടുത്തവർഷം നടക്കുന്ന ലോകകപ്പിൽ കളിക്കാൻ ആഗ്രഹമുണ്ടെങ്കിലും മോശം ഫോമാണ് തിരിച്ചടി. പുതിയ ടീമിനെ ഒരുക്കുകയാണെന്ന് സെലക്‌ടർമാർ അറിയിച്ചതായാണ് സൂചന. ഓപ്പണർ സ്ഥാനത്തേക്ക് യശസ്വി ജയ്‌സ്വാളാണ് സെലക്‌ടർമാരുടെ മനസ്സിലുള്ളത്. ടെസ്‌റ്റ്, ട്വന്റി20 മത്സരങ്ങളിൽനിന്ന് നേരത്തെ വിരമിച്ചിരുന്നു. 287 ഏകദിനത്തിൽ 11,757 റണ്ണുണ്ട്.
രണ്ടാം ഏകദിനം നാല് വിക്കറ്റിന് ജയിച്ച് ഇംഗ്ലണ്ട് പരമ്പര 1–1 സമനിലയിലാക്കി. 99 റണ്ണുമായി പുറത്താകാതെനിന്ന ജോ റൂട്ടാണ് ജയമൊരുക്കിയത്. സ്‌കോർ: ഇന്ത്യ 233(44), ഇംഗ്ലണ്ട് 235/6 (44.1). ആദ്യ മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു.
രണ്ട് കളിയിലും രോഹിതിന് അനായാസം റണ്ണടിക്കാനായില്ല. ആദ്യ കളിയിൽ 21 പന്തിൽ 11റൺ. രണ്ടാമത്തേതിൽ 47 പന്തിൽ 26 റൺ. കഴിഞ്ഞ 10 കളിയിൽ രണ്ട് അർധസെഞ്ചുറിയാണുള്ളത്.










0 comments