ad
Deshabhimani

മേജർ ലീഗ് ക്രിക്കറ്റിലെ 'ആദ്യ ഇന്ത്യൻ ദേശിയ താരം'; സാൻ ഫ്രാൻസിസ്കോ നിരയിൽ അശ്വിൻ

aswin
വെബ് ഡെസ്ക്

Published on Mar 29, 2026, 07:05 PM | 1 min read

സാൻ ഫ്രാൻസിസ്കോ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ആർ അശ്വിൻ അമേരിക്കൻ ട്വന്റി-20 ലീഗായ മേജർ ലീഗ് ക്രിക്കറ്റിൽ (എംഎൽസി) കളിക്കാനൊരുങ്ങുന്നു. സാൻ ഫ്രാൻസിസ്കോ യൂണിക്കോൺസ് ടീമാണ് 2026 സീസണിലേക്ക് അശ്വിനെ സ്വന്തമാക്കിയ വിവരം പുറത്തുവിട്ടത്. ഇതോടെ മേജർ ലീഗ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ കളിക്കുന്ന, ഇന്ത്യൻ ദേശീയ ടീമിനെ പ്രതിനിധീകരിച്ച ആദ്യ താരം എന്ന ബഹുമതി അശ്വിന് സ്വന്തമാകും.


2024/25 ബോർഡർ-ഗവാസ്കർ ട്രോഫിക്കിടയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും, 2025 സീസണോടെ ഐപിഎല്ലിൽ നിന്നും അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. നിലവിൽ സജീവമായി കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ പുരുഷ താരങ്ങൾക്ക് വിദേശ ട്വന്റി-20 ലീഗുകളിൽ കളിക്കാൻ ബിസിസിഐ അനുമതി നൽകാറില്ല.


വിരമിക്കൽ പ്രഖ്യാപിച്ചതോടെയാണ് അശ്വിന് വിദേശ ലീഗുകളിലേക്കുള്ള വഴി തെളിഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റിൽ 3,500 ലധികം റൺസും 500 ലധികം വിക്കറ്റുകളും നേടിയ അശ്വിൻ, ഐപിഎല്ലിൽ 187 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.


"പര്യവേക്ഷണം തുടരുന്നു"


"ക്രിക്കറ്റിനെ കൂടുതൽ അടുത്തറിയാനുള്ള പര്യവേക്ഷണം ഇന്ന് തുടങ്ങുന്നു" എന്നായിരുന്നു വിരമിക്കൽ സമയത്ത് അശ്വിൻ പറഞ്ഞിരുന്നത്. ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ സിഡ്നി തണ്ടേഴ്സിനായി കരാറൊപ്പിട്ടെങ്കിലും പരിക്കിനെത്തുടർന്ന് അശ്വിന് കളിക്കാൻ സാധിച്ചിരുന്നില്ല. നിലവിൽ സ്വന്തം യൂട്യൂബ് ചാനലിലൂടെയും കമന്ററി രംഗത്തും താരം സജീവമാണ്. ഈ ഐപിഎൽ സീസണിലെ ഹിന്ദി കമന്ററി പാനലിലും അദ്ദേഹം അംഗമാണ്.


അശ്വിന്റെ പ്രതികരണം


"ലോകോത്തര താരങ്ങൾ അണിനിരക്കുന്ന മേജർ ലീഗ് ക്രിക്കറ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. സാൻ ഫ്രാൻസിസ്കോ യൂണിക്കോൺസിനായി കളിക്കാനുള്ള അവസരം എനിക്ക് തള്ളിക്കളയാനാകുമായിരുന്നില്ല. ഈ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന നിലയിൽ വലിയൊരു ഉത്തരവാദിത്തം എനിക്കുണ്ട്. ടീമിനെ കിരീടത്തിലേക്ക് നയിക്കുക എന്നതിലാണ് എന്റെ പൂർണ്ണ ശ്രദ്ധ," അശ്വിൻ പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home