ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്; രാഹുലിനും നിസങ്കയ്ക്കും അർധസെഞ്ച്വറി

ധ്രുവ് ജുറേൽ, കെ എൽ രാഹുൽ (Photo Credit BCCI)
മുംബൈ : ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. രാജസ്ഥാൻ ഉയർത്തിയ 226 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം അഞ്ച് പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു. ഓപ്പണർമാരായ കെഎൽ രാഹുലിന്റെയും നിസങ്കയുടെയും തകർപ്പൻ അർധസെഞ്ച്വറികളാണ് ഡൽഹിക്ക് അനായാസ വിജയം സമ്മാനിച്ചത്.
ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും (6), വൈഭവ് സൂര്യൻഷിയും (4) നിരാശപ്പെടുത്തി. എന്നാൽ മധ്യനിരയിൽ റിയാൻ പരാഗിന്റെ വെടിക്കെട്ട് ബാറ്റിങ് രാജസ്ഥാനെ മികച്ച സ്കോറിലെത്തിച്ചു. 50 പന്തിൽ നിന്ന് 90 റൺസാണ് പരാഗ് അടിച്ചുകൂട്ടിയത്. ധ്രുവ് ജുറേൽ (42), ഡോണോവൻ ഫറേറിയ (47), ജഡേജ (20) എന്നിവരും മികച്ച പിന്തുണ നൽകി.
മറുപടി ബാറ്റിങിനിറങ്ങിയ ഡൽഹിക്ക് വേണ്ടി നിസങ്കയും കെഎൽ രാഹുലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. നിസങ്ക 33 പന്തിൽ 62 റൺസെടുത്തപ്പോൾ, രാഹുൽ 40 പന്തിൽ 75 റൺസുമായി കരുത്തുകാട്ടി. അവസാന ഓവറുകളിൽ നിതീഷ് റാണ (17 പന്തിൽ 33), അഷുതോഷ് ശർമ (15 പന്തിൽ 25), ട്രിസ്റ്റൻ സ്റ്റബ്സ് (11 പന്തിൽ 18) എന്നിവർ ബാറ്റിങ് വെടിക്കെട്ട് തുടർന്നതോടെ ഡൽഹി ലക്ഷ്യത്തിലെത്തി.









0 comments