ഐപിഎല്ലിൽ ചരിത്രം കുറിച്ച് വൈഭവ് സൂര്യവംശി; ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

വൈഭവ് സൂര്യവംശി
അഹമ്മദാബാദ് : ഐപിഎൽ 2026 സീസണിലെ റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ് രാജസ്ഥാൻ റോയൽസ് യുവ താരം വൈഭവ് സൂര്യവംശി സ്വന്തമാക്കി. സീസണിലുടനീളം തകർപ്പൻ ഫോം തുടർന്ന താരം 16 ഇന്നിങ്സുകളിൽ നിന്നായി 237.31 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിൽ 776 റൺസ് അടിച്ചുകൂട്ടിയാണ് ഈ നേട്ടം കൈവരിച്ചത്.
വെറും 15 വയസ്സും 65 ദിവസവും പ്രായമുള്ളപ്പോഴാണ് സൂര്യവംശി ഈ റെക്കോഡ് നേടുന്നത്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും സൂര്യവംശിയുടെ പേരിലായി. ഒരു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഈ സീസണിലെ അവിസ്മരണീയ പ്രകടനം.
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ എലിമിനേറ്റർ മത്സരത്തിൽ വെറും 29 പന്തിൽ 97 റൺസെടുത്ത് പുറത്തായ താരം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിക്ക് തൊട്ടരികിൽ വെച്ചാണ് പുറത്തായത്. ഈ സീസണിലെ തകർപ്പൻ കുതിപ്പോടെ വെറും 23 ഇന്നിങ്സുകളിൽ നിന്ന് ഐപിഎല്ലിൽ 1000 റൺസ് തികയ്ക്കാനും സൂര്യവംശിക്കായി. ഈ നാഴികക്കല്ല് പിന്നിടുന്ന ഏറ്റവും വേഗമേറിയ ഇന്ത്യൻ താരമെന്ന റെക്കോഡും ഇതോടെ താരം സ്വന്തമാക്കി.
അതേസമയം ഓറഞ്ച് ക്യാപ് റേസിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ രണ്ടാമതെത്തി. 16 ഇന്നിങ്സുകളിൽ നിന്ന് 732 റൺസാണ് ഗില്ലിന്റെ സമ്പാദ്യം. 724 റൺസ് നേടിയ ഗുജറാത്തിന്റെ തന്നെ സായ് സുദർശനാണ് റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്ത്.










0 comments