ad
Deshabhimani

print edition പുതുവർഷം കളിക്കാലം

NEW YEAR SPORTS
വെബ് ഡെസ്ക്

Published on Jan 01, 2026, 12:00 AM | 2 min read

മൈതാനങ്ങൾ നിറയും. ആർപ്പുവിളികൾ ഉയരും. 2026 ഫുട്‌ബോൾ ലോകകപ്പിന്റെ വർഷമാണ്‌. നാല്‌ വർഷത്തിലൊരിക്കലെത്തുന്ന കാൽപ്പന്ത്‌ ഉത്സവത്തിന്റെ നിറങ്ങൾ പടരും. തയ്യാറെടുപ്പുകൾ തൊട്ട്‌ ലോക കിരീടം ഉയർത്തുന്നതുവരെയുള്ള ദിനങ്ങൾക്കായുള്ള കാത്തിരിപ്പുകളാണ്‌ ഇനി. ലയണൽ മെസിയും ക്രിസ്‌റ്റ്യാനോ റൊണാൾഡോയും ഒരിക്കൽക്കൂ‍ടി ലോക വേദിയിലെത്തും. ഒരുപക്ഷേ, ഇരുവരുടെയും അവസാന മേളയായിരിക്കും ഇത്‌. ആഫ്രിക്കൻ ചാമ്പ്യൻമാർ പുതുവർഷമാദ്യം പിറക്കും.


ക്രിക്കറ്റ്‌ പിച്ചുകളും പൊട്ടിത്തെറിക്കാൻ വെമ്പുകയാണ്‌. സിക്‌സറുകളുടെ ഉത്സവമായ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ കണ്ണിന്‌ വിരുന്നാകും. പുരുഷന്മാരും വനിതകളും ലോകകപ്പിനായി പൊരുതും. ട്രാക്കിൽ ഏഷ്യൻ ഗെയിംസും കോമൺവെൽത്ത്‌ ഗെയിംസുമൊക്കെയുണ്ട്‌.

ടെന്നീസിൽ നവനിരയുടെ നേർപ്പോരുകൾക്കായിരിക്കും ഇ‍ൗ വർഷം സാക്ഷ്യം വഹിക്കുക. ലോക താരമായി ഉയർന്ന യാന്നിക്‌ സിന്നെറും കാർലോസ്‌ അൽകാരസും തമ്മിലുള്ള പോര്‌ വാശിയോടെ തുടരും. സംഭവബഹുലമായ കായികകാഴ്‌ചകളിലേക്കാണ്‌ 2026 മിഴിതുറക്കുന്നത്‌.


ലോകകപ്പ്‌ ജൂൺ 11 മുതൽ


ഫുട്‌ബോൾ ലോകകപ്പിന്റെ 23–ാം പതിപ്പാണ്‌ ഇക്കുറി. ജൂൺ 11 മുതൽ ജൂലൈ 19വരെ അമേരിക്ക, മെക്‌സിക്കോ, കാനഡ രാജ്യങ്ങളിലെ 16 വേദികളിലാണ്‌ മത്സരങ്ങൾ. മൂന്ന്‌ രാജ്യങ്ങൾ ആദ്യമായാണ്‌ ആതിഥേയരാകുന്നത്‌. 48 ടീമുകൾ പങ്കെടുക്കുന്നത്‌ സവിശേഷതയാണ്‌. അർജന്റീന ജേതാക്കളായ കഴിഞ്ഞ ലോകകപ്പിൽ 32 ടീമുകളാണ്‌ ഉണ്ടായിരുന്നത്.


ട്വന്റി20 ലോകകപ്പ്‌ ഇന്ത്യയിൽ


ഇന്ത്യയും ശ്രീലങ്കയും ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിന്‌ ആതിഥേരാകും. ഫെബ്രുവരി ഏഴുമുതൽ മാർച്ച്‌ എട്ടുവരെയാണ്‌ ലോകകപ്പ്‌. ഇന്ത്യയിൽ അഞ്ച്‌ വേദികളുണ്ട്‌. ലങ്കയിൽ മൂന്നെണ്ണം. 20 ടീമുകളുണ്ട്‌. 55 കളികളും. ഫൈനൽ അഹമ്മദാബാദിലാണ്‌. ഇന്ത്യയാണ്‌ നിലവിലെ ജേതാക്കൾ.

വനിതാ ട്വന്റി20 ലോകകപ്പ്‌ ജൂൺ 12 മുതൽ ജൂലൈ അഞ്ചുവരെ ഇംഗ്ലണ്ടിലാണ്‌. ഇന്ത്യയടക്കം 12 ടീമുകൾ 33 മത്സരങ്ങൾക്കിറങ്ങും. ന്യൂസിലൻഡാണ്‌ നിലവിലെ ചാമ്പ്യൻമാർ.


ഏഷ്യൻ ഗെയിംസ്‌


ഏഷ്യൻ ഗെയിംസിന്‌ ഇക്കുറി ജപ്പാനാണ്‌ വേദി. സെപ്‌തംബർ 19 മുതൽ ഒക്‌ടോബർ നാലുവരെയാണ്‌ ഗെയിംസ്‌. 45 ഏഷ്യൻ രാജ്യങ്ങളിലെ പതിനയ്യായിരം അത്‌ലീറ്റുകൾ പങ്കെടുക്കും.


കോമൺവെൽത്ത്‌ ഗെയിംസ്‌


കോമൺവെൽത്ത്‌ ഗെയിംസ്‌ സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടക്കും. ജൂലൈ 23 മുതൽ ആഗസ്‌ത്‌ രണ്ടുവരെയാണ്‌ ഗെയിംസ്‌. 74 രാജ്യങ്ങളിലെ 3000 അത്‌ലീറ്റുകൾ പങ്കാളികളാകും. 2030 ഗെയിംസ്‌ ഇന്ത്യയിലാണ്‌ നടക്കുന്നത്‌. അഹമ്മദാബാദാണ്‌ വേദി. അതിനാൽ ഇന്ത്യയെ സംബന്ധിച്ച്‌ ഗെയിംസ്‌ നിർണായകമാണ്‌.


സന്തോഷ് ട്രോഫി


സന്തോഷ് ട്രോഫി ഫുട്ബോൾ ഫെെനൽ റൗണ്ട് ഇക്കുറി അസമിലാണ്. ജനുവരി 21നാകും കിക്കോഫ്. നിലവിലെ റണ്ണറപ്പുകളായ കേരളം ഗ്രൂപ്പ് ബിയിലാണ്. സർവീസസ്, പഞ്ചാബ്, ഒഡിഷ, റെയിൽവേസ്, മേഘാലയ ടീമുകളാണ് ഗ്രൂപ്പിൽ. ചാമ്പ്യൻമാരായ ബംഗാൾ, അസം, ഉത്തരാഖണ്ഡ്,നാഗാലൻഡ്, തമിഴ്നാട്, രാജസ്ഥാൻ ടീമുകളാണ് മറ്റ് ഗ്രൂപ്പിൽ.


ഐപിഎൽ ക്രിക്കറ്റ്


ഐപിഎൽ ട്വന്റി20 ക്രിക്കറ്റിന്റെ 19–ാം പതിപ്പിന് മാർച്ച് 26ന് തുടക്കമാകും. മേയ് 31നാണ് ഫെെനൽ. നിലവിലെ ചാമ്പ്യൻമാർ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാണ്. മിനി താരലേലത്തിന് ശേഷമാണ് പുതിയ സീസൺ. മലയാളി താരം സഞ്--ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നെെ സൂപ്പർ കിങ്സിലേക്ക് ചേക്കേറിയതാണ് ഇത്തവണത്തെ സവിശേഷത.


ലോക ചെസ്‌ ചാമ്പ്യൻഷിപ്പ്‌


ഇ‍ൗ വർഷത്തെ മറ്റൊരു പ്രധാന കായിക മേളയാണ്‌ ലോക ചെസ്‌ ചാമ്പ്യൻഷിപ്പ്‌. ഇന്ത്യയുടെ ഡി ഗുകേഷാണ്‌ നിലവിലെ ചാമ്പ്യൻ. എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്‌സ്‌ ടൂർണമെന്റ്‌ മാർച്ച്‌ 28 മുതൽ ഏപ്രിൽ 16വരെയാണ്‌. എട്ട്‌ കളിക്കാരാണ്‌ ടൂർണമെന്റിലുള്ളത്‌. ആർ പ്രഗ്‌നാനന്ദയാണ്‌ ഏക ഇന്ത്യൻ താരം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home