ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു; ഹർമൻപ്രീത് കൗർ നയിക്കും

Photo Credit: Social Media
മുംബൈ: 2026 ഐസിസി വനിതാ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന 15 അംഗ സംഘമാണ് കന്നി ട്വന്റി 20 ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്നത്.
അടുത്തിടെ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കിരീടം ചൂടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കുട്ടിക്രിക്കറ്റിലെ ലോകപോരാട്ടത്തിന് തയ്യാറെടുക്കുന്നത്. ജൂൺ 12-നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.
അഞ്ചാം തവണയാണ് ഹർമൻപ്രീത് കൗർ ഒരു ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. മുൻപ് പലതവണ ട്വന്റി 20 കിരീടത്തിനടുത്തെത്തിയെങ്കിലും നേരിയ വ്യത്യാസത്തിൽ നഷ്ടമായതിന്റെ നിരാശ ഇത്തവണ തീർക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ക്യാപ്റ്റൻ.
ബാറ്റിംഗിൽ സ്മൃതി മന്ദാന, ഷഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് എന്നീ കരുത്തരായ താരങ്ങൾ ഹർമൻപ്രീതിനൊപ്പം ബാറ്റിംഗ് നിരയ്ക്ക് കരുത്തേകും. ബൗളിംഗിൽ ദീപ്തി ശർമ്മ, രേണുക സിംഗ് എന്നിവരിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷകൾ.
ജൂൺ 14-ന് നടക്കുന്ന ആവേശകരമായ പോരാട്ടത്തിൽ ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
കരുത്തരായ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, നെതർലൻഡ്‌സ് എന്നിവർക്കൊപ്പമാണ് ഗ്രൂപ്പ് എ-യിൽ ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. ഭാരതി ഫുൽമാലി, ശ്രീ ചരണി, ക്രാന്തി ഗൗഡ് തുടങ്ങിയ യുവതാരങ്ങൾക്കും ടീമിൽ അവസരം ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ ടീം
ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, ഭാരതി ഫുൽമാലി, ദീപ്തി ശർമ്മ, റിച്ച ഘോഷ്, ശ്രീ ചരണി, യാസ്തിക ഭാട്ടിയ, നന്ദിനി ശർമ്മ, അരുന്ധതി റെഡ്ഡി, രേണുക സിംഗ്, ക്രാന്തി ഗൗഡ്, ശ്രയാങ്ക പാട്ടീൽ, രാധാ യാദവ്.









0 comments