ഐപിഎൽ 2026
ആരാധകർക്ക് നിരാശ; ഡൽഹിക്കെതിരെ ധോണി ഇറങ്ങില്ല

എംഎസ് ധോണി (Photo Credit BCCI)
മുംബൈ : ഡൽഹി ക്യാപിറ്റൽസിനെതിരായ നിർണായക പോരാട്ടത്തിനൊരുങ്ങുന്ന ചെന്നൈ സൂപ്പർ കിങ്‌സിന് തിരിച്ചടിയായി എംഎസ് ധോണിയുടെ പരിക്ക്. കാലിലെ പേശിക്കേറ്റ പരിക്കിൽ നിന്ന് ധോണി മുക്തനായി വരുന്നതേയുള്ളൂവെന്നും താരം ടീമിനൊപ്പം ഡൽഹിയിലേക്ക് യാത്ര തിരിച്ചിട്ടില്ലെന്നും സിഎസ്കെ ബൗളിങ് കൺസൾട്ടന്റ് എറിക് സിമ്മൺസ് വ്യക്തമാക്കി.
ചൊവ്വാഴ്ച അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയായിരുന്നു ധോണി അവസാനമായി കളത്തിലിറങ്ങിയത്. ഈ സീസണിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും താരം കളിച്ചിട്ടില്ല. ധോണിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം എപ്പോൾ കളിക്കുമെന്ന് പറയാറായിട്ടില്ലെന്ന് സിമ്മൺസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഋതുരാജ് ഗെയ്‌ക്‌വാദിന്റെ ഫോമിലേക്ക് തിരിച്ചുവരവ് ചെന്നൈക്ക് വലിയ ആശ്വാസമാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പുറത്താകാതെ 74, 67 റൺസുകൾ നേടിയ ഗെയ്‌ക്‌വാദിനെ 'ബാറ്റിങിലെ സർജൻ' എന്നാണ് സിമ്മൺസ് വിശേഷിപ്പിച്ചത്.
പോയിന്റ് പട്ടികയിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങളുമായി ആറാം സ്ഥാനത്താണ് നിലവിൽ ചെന്നൈ. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ അവശേഷിക്കുന്ന മത്സരങ്ങളിൽ നാല് എണ്ണത്തിലെങ്കിലും ചെന്നൈക്ക് വിജയിക്കേണ്ടതുണ്ട്. ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ് എന്നിവരുടെ ഫോമില്ലായ്മ ടീമിനെ അലട്ടുന്നുണ്ടെങ്കിലും അവർ ഉടൻ ഫോം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്. സഞ്ജു സാംസൺ ഉൾപ്പെടെയുള്ള മറ്റ് താരങ്ങൾ മികച്ച ഫോമിലാണെന്നത് ചെന്നൈക്ക് ആശ്വാസമാണെങ്കിലും, നായകന്റെ ഫോമും ടീമിന്റെ മികച്ച പ്രകടനവും ഡൽഹിക്കെതിരെ കരുത്താകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.










0 comments