അക്സർ പട്ടേലിന്റേത് പക്വതയില്ലാത്ത പെരുമാറ്റം; ഡൽഹി ക്യാപ്റ്റനെതിരെ മുൻ താരം രംഗത്ത്

Photo Credit: Social Media
ന്യൂഡൽഹി: ഐപിഎൽ 2026-ൽ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങിയ ഡൽഹി ക്യാപിറ്റൽസിനുള്ളിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നു. ടീം തോൽക്കുമ്പോൾ കളിക്കാരെ സംരക്ഷിക്കുന്നതിന് പകരം പരസ്യമായി കുറ്റപ്പെടുത്തുന്ന ക്യാപ്റ്റൻ അക്സർ പട്ടേലിന്റെ രീതിക്കെതിരെ മുൻ താരം മുഹമ്മദ് കൈഫ് രംഗത്തെത്തി.
ചെന്നൈ സൂപ്പർ കിങ്‌സിനോടേറ്റ തോൽവിക്ക് പിന്നാലെ സ്പിന്നർ കുൽദീപ് യാദവിന്റെ പ്രകടനത്തെ അക്സർ പട്ടേൽ പരസ്യമായി വിമർശിച്ചിരുന്നു. ഈ നടപടി ഒരു പക്വതയുള്ള ക്യാപ്റ്റന് ചേർന്നതല്ലെന്ന് കൈഫ് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
"ഒരു പക്വതയുള്ള ക്യാപ്റ്റൻ ഒരിക്കലും തന്റെ കളിക്കാരെ പരസ്യമായി വിചാരണ ചെയ്യില്ല. കുൽദീപ് ഈ സീസണിൽ ഫോമിലല്ലായിരിക്കാം, പക്ഷേ ഡൽഹി ടീമിലെത്തിയത് മുതൽ അദ്ദേഹം മികച്ച പ്രകടനം നടത്തുന്ന ബൗളറാണ്," കൈഫ് പറഞ്ഞു.
ഇന്ത്യൻ ടീമിനായി എല്ലാ ഫോർമാറ്റുകളിലും മികച്ച പ്രകടനം നടത്തിയിട്ടുള്ള കുൽദീപിനെപ്പോലൊരു താരത്തെ മോശം ഫോമിന്റെ പേരിൽ പേരെടുത്ത് പറയുന്നത് ടീമിനുള്ളിൽ വലിയ വിള്ളലുകൾ ഉണ്ടാക്കുമെന്ന് കൈഫ് മുന്നറിയിപ്പ് നൽകി.
"ടീം എന്ന നിലയിൽ പരാജയപ്പെട്ടു എന്ന് പറയുന്നതിന് പകരം ഒരു കളിക്കാരനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. അത്തരം സാഹചര്യങ്ങളിൽ കളിക്കാരെ ചേർത്തുപിടിക്കുകയും അവർക്ക് ആത്മവിശ്വാസം നൽകുകയുമാണ് ഒരു നായകൻ ചെയ്യേണ്ടത്," അദ്ദേഹം കൂട്ടിച്ചേർത്തു.
സീസണിൽ ഇതുവരെ കളിച്ച 12 മത്സരങ്ങളിൽ 7 എണ്ണത്തിലും തോറ്റ ഡൽഹിക്ക് പ്ലേ ഓഫിലെത്താൻ ഇനി അത്ഭുതങ്ങൾ സംഭവിക്കണം. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും മികച്ച മാർജിനിൽ വിജയിക്കുന്നതിനോടൊപ്പം മറ്റ് ടീമുകളുടെ ഫലങ്ങളെയും ഡൽഹിക്ക് ആശ്രയിക്കേണ്ടി വരും.
ക്യാപ്റ്റനും പ്രധാന സ്പിന്നറും തമ്മിലുള്ള ഈ അസ്വാരസ്യങ്ങൾ നിർണ്ണായക മത്സരങ്ങളിൽ ടീമിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ആരാധകർ.










0 comments