"കളി മാറി, ജീവിതവും മാറി"; വിരമിക്കലിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് സ്റ്റാർക്ക്

മിച്ചൽ സ്റ്റാർക്ക് | Photo: AFP
സിഡ്നി: ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് താൻ വിരമിക്കുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി ഓസ്ട്രേലിയൻ സൂപ്പർതാരം മിച്ചൽ സ്റ്റാർക്ക്. ശാരീരികക്ഷമത ഉള്ളിടത്തോളംകാലം ഓസീസ് ടീമിൽ തുടരുമെന്ന് സ്റ്റാർക്ക് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിൽ 4-1 ന് വിജയിച്ചതിന് പിന്നാലെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് സ്റ്റാർക്ക് നിലപാട് വ്യക്തമാക്കിയത്.
ഭാവി പരിപാടികളെക്കുറിച്ച് സ്റ്റാർക്ക് പറഞ്ഞത് ഇങ്ങനെ: "വിരമിക്കലിനെക്കുറിച്ച് ഞാൻ ഇതുവരെ ചിന്തിച്ചിട്ടില്ല. 'ബാഗി ഗ്രീൻ' തൊപ്പി അണിയുക എന്നത് തന്നെ വലിയൊരു പ്രചോദനമാണ്. ഈ ടീമിൽ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കാൻ കഴിയുന്നിടത്തോളം കാലം എനിക്ക് മുന്നോട്ട് പോകണം. ടീമിനായി എന്റെ എല്ലാം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു."
ട്വന്റി 20യിൽനിന്ന് വിരമിച്ചതിനാൽ ആഷസിൽ കൂടുതൽ കരുത്തോടെ പന്തെറിയാൻ കഴിഞ്ഞുവെന്നും ഓസീസ് പേസർ പറഞ്ഞു. കായികതാരങ്ങൾക്ക് കൃത്യമായ വിരമിക്കൽ സമയം നിശ്ചയിക്കേണ്ടതില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "കളി മാറി, ജീവിതവും മാറി. നിങ്ങൾ മികച്ച രീതിയിൽ ടീമിന് സംഭാവന നൽകുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് പ്രായപരിധി നിശ്ചയിക്കുന്നത്?- സ്റ്റാർക്ക് ചോദിച്ചു.
35-ാം വയസിലും കങ്കാരുപ്പടയുടെ നെടുംതൂണാണ് സ്റ്റാർക്ക്. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലാകെ സ്റ്റാർക്ക് വീഴ്ത്തിയത് 31 വിക്കറ്റുകളാണ്. രണ്ട് അർധസെഞ്ചുറിയടക്കം 156 റണ്ണും നേടി സ്‌റ്റാർക്കാണ് മാൻ ഓഫ് ദി സീരീസ് ആയത്. 1985ന് ശേഷം ആഷസ് പരമ്പരയിൽ ഒരു താരം 30ൽ ഏറെ വിക്കറ്റും രണ്ട് അർധസെഞ്ചുറിയും സ്വന്തമാക്കുന്നത് ആദ്യമാണ്.










0 comments