ad
Deshabhimani

"എന്റെ ശരീരത്തെക്കുറിച്ച് എനിക്കറിയാം"; വിമർശകർക്ക് മറുപടിയുമായി മിച്ചൽ സ്റ്റാർക്ക്

mitchel starc
വെബ് ഡെസ്ക്

Published on Mar 28, 2026, 06:39 PM | 1 min read

സിഡ്‌നി: ഐപിഎൽ 2026 ന്റെ തുടക്കത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് നിരയിൽ താൻ ഉണ്ടാകില്ലെന്ന വാർത്തകൾക്ക് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്കും അഭ്യൂഹങ്ങൾക്കും മറുപടിയുമായി ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. തന്റെ പരിക്കിനെക്കുറിച്ചും ഐപിഎൽ ലഭ്യതയെക്കുറിച്ചും ഇന്ത്യൻ മാധ്യമങ്ങളിലൂടെ ചിലർ നടത്തുന്ന പ്രസ്താവനകൾ തെറ്റാണെന്ന് താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.


ചില വ്യക്തികൾ തങ്ങളെക്കാൾ നന്നായി തന്റെ ശരീരത്തെക്കുറിച്ച് അറിയാമെന്ന് അവകാശപ്പെടുകയാണെന്ന് സ്റ്റാർക്ക് പരിഹസിച്ചു. വസ്തുതകൾ അറിയാതെ കളിക്കാരെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.


"ഇന്ത്യൻ മാധ്യമങ്ങളിലൂടെ ചില വ്യക്തികൾ അവരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ നിലവിൽ എന്റെ തോളിലും കൈമുട്ടിലുമുള്ള പരിക്കിന് ചികിത്സയിലാണ് ഞാൻ. ഓസ്‌ട്രേലിയൻ സീസണിനിടയിൽ ഈ പരിക്കിന്റെ വ്യാപ്തി എനിക്ക് പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല." - മിച്ചൽ സ്റ്റാർക്ക്


ഡൽഹി ക്യാപ്പിറ്റൽസ് ടീമിനും ആരാധകർക്കും സീസണിന്റെ തുടക്കത്തിൽ ലഭ്യമാകാത്തതിൽ താരം ക്ഷമാപണം നടത്തി. താൻ ടീമുമായി നിരന്തരമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും എത്രയും വേഗം ടീമിനൊപ്പം ചേരാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



സ്റ്റാർക്ക് ആരുടെയും പേര് പരാമർശിച്ചില്ലെങ്കിലും, മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര കഴിഞ്ഞ ആഴ്ച നടത്തിയ പരാമർശങ്ങളാണ് സ്റ്റാർക്കിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ സ്റ്റാർക്കിന്റെയും മറ്റ് ഓസീസ് താരങ്ങളുടെയും വിട്ടുനിൽക്കലിനെ രൂക്ഷമായി വിമർശിച്ചിരുന്നു.


ഹേസൽവുഡിനെയും കമ്മിൻസിനെയും വരാൻ അനുവദിച്ചില്ലെന്നും ഇപ്പോൾ സ്റ്റാർക്കിനെയും തടഞ്ഞുവെച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര മുൻനിർത്തി വിശ്രമം അനുവദിക്കുന്നു എന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ചോപ്രയുടെ പക്ഷം.


ഐപിഎൽ 2026 ആരംഭിക്കുന്ന ഇന്ന് (മാർച്ച് 28), പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡും തങ്ങളുടെ ഫ്രാഞ്ചൈസികളായ സൺറൈസേഴ്‌സ് ഹൈദരാബാദ്, ആർസിബി ടീമുകൾക്കൊപ്പം ചേർന്നിട്ടുണ്ട്. എന്നാൽ ഇരുവരും ആദ്യ മത്സരങ്ങളിൽ കളിക്കില്ല. അതേസമയം, സ്റ്റാർക്ക് ഇപ്പോഴും ഓസ്‌ട്രേലിയയിൽ തുടരുകയാണ്. ഡൽഹി ക്യാപ്പിറ്റൽസ് നിലനിർത്തിയ താരമായ സ്റ്റാർക്കിന്റെ അഭാവം ടീമിന് വലിയ തിരിച്ചടിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home