ad
Deshabhimani

തൃശൂരിനെ പരാജയപ്പെടുത്തി ലിറ്റിൽ മാസ്റ്റേഴ്സ്; പ്രഥമ സുരേഷ് കുമാർ സ്മാരക ക്രിക്കറ്റ് കിരീടം തിരുവനന്തപുരത്തിന്

Aaron Alex, Captain of Little Masters

Photo Credit: Social Media

വെബ് ഡെസ്ക്

Published on Apr 27, 2026, 05:47 PM | 2 min read

ആലപ്പുഴ: ആലപ്പുഴ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ എം സുരേഷ് കുമാർ സ്മാരക അണ്ടർ-16 ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിവാൺഡ്രം ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ തൃശൂർ ട്രൈഡന്റ് ക്രിക്കറ്റ് അക്കാദമിയെ 87 റൺസിനാണ് ലിറ്റിൽ മാസ്റ്റേഴ്സ് തോൽപ്പിച്ചത്. സെഞ്ച്വറി നേടിയ ബി ദേവർഷിന്റെ തകർപ്പൻ ബാറ്റിംഗാണ് തിരുവനന്തപുരം ടീമിന് വലിയ സ്കോർ സമ്മാനിച്ചത്.


ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ലിറ്റിൽ മാസ്റ്റേഴ്സിന് വേണ്ടി ബി ദേവർഷും ആരോൺ അലക്സും ചേർന്ന് 168 റൺസിന്റെ വെടിക്കെട്ട് ഓപ്പണിങ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ദേവർഷ് 98 പന്തുകളിൽ നിന്ന് 121 റൺസെടുത്തപ്പോൾ ആരോൺ അലക്സ് 67 റൺസ് നേടി. മികച്ച തുടക്കം ലഭിച്ച ലിറ്റിൽ മാസ്റ്റേഴ്സ് 44.3 ഓവറിൽ 272 റൺസിന് പുറത്തായി. തൃശൂർ ട്രൈഡന്റിന് വേണ്ടി എട്ട് ഓവറിൽ 34 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ വിഘ്‌നജ് പ്രജിത്ത് ബൗളിംഗിൽ തിളങ്ങി.


273 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂർ ട്രൈഡന്റിന് ലിറ്റിൽ മാസ്റ്റേഴ്സിന്റെ കൃത്യതയാർന്ന ബൗളിംഗിന് മുന്നിൽ അടിപതറി. 32.4 ഓവറിൽ 185 റൺസിന് തൃശൂർ ബാറ്റിംഗ് നിര കൂടാരം കയറി. 43 റൺസെടുത്ത മിഷാൽ ഷമീമും 38 റൺസെടുത്ത വിശാൽ ജോർജുമാണ് ട്രൈഡന്റ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ലിറ്റിൽ മാസ്റ്റേഴ്സിന് വേണ്ടി ആനന്ദ് സായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.


സംസ്ഥാനത്തെ 16 പ്രമുഖ ക്ലബ്ബുകൾ പങ്കെടുത്ത ടൂർണമെന്റിലെ സമാപന ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ ശ്രീജിത്ത് വി നായർ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. ലിറ്റിൽ മാസ്റ്റേഴ്സിന്റെ ബി ദേവർഷ് പ്ലെയർ ഓഫ് ദി മാച്ചായും ആരോൺ അലക്സ് പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാറ്ററായി വിശാൽ ജോർജിനെയും മികച്ച ബൗളറായി വിഘ്നജ് പ്രജിത്തിനെയും ചടങ്ങിൽ ആദരിച്ചു.


കേരള ക്രിക്കറ്റിലെ ഇതിഹാസ താരവും മുൻ ഇന്ത്യൻ അണ്ടർ 19 താരവുമായ എം സുരേഷ് കുമാറിന്റെ സ്മരണാർത്ഥമാണ് ആലപ്പുഴ ക്രിക്കറ്റ് അസോസിയേഷൻ ഈ അണ്ടർ-16 ടൂർണമെന്റ് സംഘടിപ്പിച്ചത്. ഇന്ത്യൻ ക്രിക്കറ്റിലെ 'വന്മതിൽ' രാഹുൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇന്ത്യക്കായി അണ്ടർ 19 കളിച്ചിട്ടുള്ള താരമായിരുന്നു അദ്ദേഹം.


മികച്ച ഇടംകയ്യൻ സ്പിന്നർ എന്നതിലുപരി, ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ഫീൽഡറായിരുന്നു സുരേഷ് കുമാർ.സച്ചിൻ ടെൻഡുൽക്കർ, രാഹുൽ ദ്രാവിഡ് തുടങ്ങിയ ഇതിഹാസ താരങ്ങൾ അദ്ദേഹത്തിന്റെ ഫീൽഡിങ് മികവിനെ പ്രശംസിക്കുകയും അദ്ദേഹത്തിനൊപ്പം പരിശീലനത്തിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home