ഐപിഎൽ 2026
ഹിറ്റ്മാൻ ഷോ; ലഖ്‌നൗവിനെ തകർത്ത് മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം

രോഹിത് ശർമ്മ (ഇടത്), റയാൻ റിക്കൽട്ടൺ (വലത്) (Photo Credit BCCI)
മുംബൈ : വാങ്കഡെ സ്റ്റേഡിയത്തിൽ റൺമഴ പെയ്ത പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ ആറ് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ് കരുത്തുകാട്ടി. ലഖ്‌നൗ ഉയർത്തിയ 229 റൺസ് എന്ന കൂറ്റൻ ലക്ഷ്യം 18.4 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് മുംബൈ മറികടന്നത്. ലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈയ്ക്ക് വേണ്ടി രോഹിത് ശർമ്മയും റയാൻ റിക്കൽട്ടണും ചേർന്ന് തകർപ്പൻ ബാറ്റിങാണ് പുറത്തെടുത്തത്.
രോഹിത് ശർമ്മ 44 പന്തിൽ നിന്ന് ഏഴ് സിക്‌സറുകളും ആറ് ഫോറുമടക്കം 84 റൺസ് നേടി. വിക്കറ്റ് കീപ്പർ ബാറ്ററായ റയാൻ റിക്കൽട്ടൺ വെറും 32 പന്തിൽ നിന്ന് എട്ട് സിക്‌സറുകളും ആറ് ഫോറുമടക്കം 83 റൺസ് നേടി ലഖ്‌നൗ ബൗളർമാരെ നിലംപരിശാക്കി. മധ്യനിരയിൽ നമൻ ദിർ 12 പന്തിൽ 23 റൺസും വിൽ ജാക്‌സ് 4 പന്തിൽ 10 റൺസും നേടി പുറത്താകാതെ നിന്ന് മുംബൈയുടെ വിജയം വേഗത്തിലാക്കി. ലഖ്‌നൗവിന് വേണ്ടി എം സിദ്ധാർത്ഥ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ലഖ്‌നൗവിനെ നിക്കോളാസ് പൂരന്റെ ബാറ്റിങാണ് കൂറ്റൻ സ്‌കോറിലെത്തിച്ചത്. വെറും 21 പന്തിൽ നിന്ന് എട്ട് സിക്‌സറുകളും ഒരു ഫോറുമടക്കം 63 റൺസാണ് പൂരൻ അടിച്ചെടുത്തത്. മിച്ചൽ മാർഷ് (44), എയ്ഡൻ മാർക്രം (31), ഹിമ്മത് സിങ് (40) എന്നിവരും ലഖ്‌നൗ സ്കോറിലേക്ക് മികച്ച സംഭാവനകൾ നൽകി. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണ് ലഖ്‌നൗ അടിച്ചുകൂട്ടിയത്. എന്നാൽ പൂരന്റെ പൊരുതൽ പാഴാക്കിക്കൊണ്ട് മുംബൈ ബാറ്റിങ് നിര ആധികാരിക വിജയം സ്വന്തമാക്കി.










0 comments