ഐപിഎല്ലിലെ സിക്സർ വിസ്മയങ്ങളെ പ്രശംസിച്ച് കെഎൽ രാഹുൽ

കെഎൽ രാഹുൽ (ഇടത്) വൈഭവ് സൂര്യ വംശി (വലത്) (Photo Credit X)
മുംബൈ : ഐപിഎൽ 2026ൽ ഇന്ത്യൻ യുവതാരങ്ങൾ കാഴ്ചവെക്കുന്ന തകർപ്പൻ പ്രകടനത്തെയും അവരുടെ ഭയമില്ലാത്ത ബാറ്റിങ് ശൈലിയെയും പ്രശംസിച്ച് ഡൽഹി ക്യാപിറ്റൽസ് താരം കെഎൽ രാഹുൽ. ട്വന്റി20 ക്രിക്കറ്റിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് പുതിയ തലമുറയിലെ ബാറ്റർമാർ കളിക്കുന്നതെന്ന് രാഹുൽ അഭിപ്രായപ്പെട്ടു.
15-ാം വയസ്സിൽ രണ്ട് സെഞ്ച്വറികൾ നേടുക എന്നത് സ്വപ്നം കാണാൻ പോലും കഴിയാത്ത കാര്യമാണെന്നും വൈഭവ് സൂര്യവംശി ലോക ക്രിക്കറ്റിനെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. മുൻപ് പ്രതിരോധിച്ചു കളിക്കാനാണ് താരങ്ങൾ പഠിച്ചിരുന്നതെങ്കിൽ, ഇപ്പോൾ ഐപിഎല്ലിന്റെ സ്വാധീനം മൂലം സിക്സറുകൾ അടിച്ചു തകർക്കുന്ന ഒരു തലമുറയാണ് വളർന്നുവരുന്നത്. ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും പോലെ സിക്സർ ഹിറ്റർമാരെ ഇന്ത്യയും ഇപ്പോൾ ധാരാളമായി സംഭാവന ചെയ്യുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജസ്പ്രീത് ബുംറയോ പാറ്റ് കമ്മിൻസോ ആരുമാകട്ടെ, ബൗളറുടെ പേരോ സാഹചര്യമോ നോക്കാതെ പന്ത് സിക്സറടിക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഇത്തരം ഒരു മനോഭാവം അപൂർവമാണെന്ന് രാഹുൽ കൂട്ടിച്ചേർത്തു. യുവതാരങ്ങളുടെ ഈ ആത്മവിശ്വാസത്തിന് പിന്നിൽ അവരുടെ കഠിനമായ പരിശീലനമാണെന്നും അഭിഷേക് ശർമ്മയെപ്പോലെയുള്ള താരങ്ങളിൽ നിന്ന് ചില കാര്യങ്ങൾ സ്വന്തം ബാറ്റിങിലും പരീക്ഷിക്കാൻ താൻ ശ്രമിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.
വൈഭവ് സൂര്യവംശി, പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിങ്, കൂപ്പർ കോണോലി, സമീർ റിസ്‌വി, ആയുഷ് മാത്രെ തുടങ്ങിയ യുവതാരങ്ങളാണ് ഈ സീസണിൽ ശ്രദ്ധേയമായ പ്രകടനം നടത്തുന്നത്.









0 comments