ഐപിഎൽ: ഇന്ന് കൊൽക്കത്ത x ഹൈദരാബാദ്

അജിങ്ക്യ രഹാനെ (ഇടത്) ഇഷാൻ കിഷൻ (വലത്)
കൊൽക്കത്ത : ഐപിഎൽ 2026ലെ ആവേശകരമായ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ രാത്രി 7.30നാണ് മത്സരം. സീസണിലെ കൊൽക്കത്തയുടെ ആദ്യ ഹോം മത്സരം എന്ന നിലയിൽ ആവേശത്തിലാണ് നഗരം. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സ് ആർസിബി യോട് പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. കൊൽക്കത്തയുടെ സ്പിൻ ബൗളിംഗ് നിരയും ഹൈദരാബാദിന്റെ ബാറ്റിങ് നിരയും തമ്മിലുള്ള മത്സരത്തിനായി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 30 മത്സരങ്ങളിൽ കൊൽക്കത്ത 20 ഉം ഹൈദരാബാദ് 10 വിജയവും നേടി. ഈഡൻ ഗാർഡൻസിലെ പിച്ച് സാധാരണയായി സ്പിന്നർമാരെ തുണയ്ക്കുന്നതാണെങ്കിലും, രാത്രിയിലെ മത്സരമായതിനാൽ മഞ്ഞു വീഴ്ച ടോസ് നേടുന്ന ടീമിന് നിർണ്ണായകമാകും. ഈ സാഹചര്യം കണക്കിലെടുത്ത്, ടോസ് നേടുന്ന ക്യാപ്റ്റൻ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.
പരിക്കിന്റെ ആശങ്കകളില്ലാതെ പൂർണ്ണ സജ്ജരായാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്. കൊൽക്കത്തയുടെ ബാറ്റിങ് കരുത്ത് അജിങ്ക്യ രഹാനെ, റിങ്കു സിംഗ്, ഫിൻ അല്ലൻ,മനീഷ് പാണ്ഡെ എന്നിവരാണ്, സ്പിൻ ബൗളിംഗിൽ സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവരുടെ സാന്നിധ്യം ടീമിന് വലിയ മുതൽക്കൂട്ടാണ്. മറുഭാഗത്ത് ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഹെന്റിച്ച് ക്ലാസൻ, ഇഷാൻ കിഷൻ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയാണ് ഹൈദരാബാദിന്റെ കരുത്ത്, ഒപ്പം പാറ്റ് കമ്മിൻസ്, ഹർഷൽ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട് എന്നിവർ നയിക്കുന്ന ബൗളിംഗ് നിരയും ഉണ്ട്.










0 comments