കേരള ക്രിക്കറ്റ് ലീഗ്: കിരീടം നിലനിർത്താൻ സജ്ജമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ, നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കിരീടം നിലനിർത്താൻ പൂർണ്ണ സജ്ജരായി. കളിക്കളത്തിൽ പരിചയസമ്പത്തും യുവത്വവും ഒന്നിക്കുന്ന കരുത്തുറ്റ നേതൃത്വനിരയാണ് കൊച്ചിയുടേത്. കഴിഞ്ഞ തവണ ടീമിനെ നയിച്ച സലി സാംസൺ തന്നെയാണ് ഇത്തവണയും നായകൻ. അനുഭവസമ്പന്നനായ പേസ് ബൗളർ ബേസിൽ തമ്പിയാണ് വൈസ് ക്യാപ്റ്റൻ.
ക്യാപ്റ്റനൊപ്പം മുഹമ്മദ് ആഷിഖിനെയും നിലനിർത്തിയ കൊച്ചി, സന്തുലിതമായൊരു ടീമിനെയാണ് അണിനിരത്തിയിരിക്കുന്നത്. ബേസിൽ തമ്പിക്കൊപ്പം കെ എം ആസിഫും ഏദൻ ആപ്പിൾ ടോമും ചേരുന്ന ശക്തമായ പേസ് ബോളിങ് നിരയും വിനൂപ് മനോഹരൻ, സച്ചിൻ സുരേഷ്, വിപുൽ ശക്തി, ആൽഫി ഫ്രാൻസിസ് ജോൺ, ജോബിൻ ജോബി, മുഹമ്മദ് ഷാനു തുടങ്ങിയവരുള്ള കരുത്തുറ്റ ബാറ്റിങ് നിരയും കൊച്ചിക്കുണ്ട്. അക്ഷയ് ചന്ദ്രൻ, പി കെ മിഥുൻ, മനു കൃഷ്ണൻ, കാർത്തിക് ബി നായർ, പി എസ് ജെറിൻ, അനീഷ് രാജൻ, അനന്ദു സുനിൽ, ആദി അഭിലാഷ്, പവൻ ശ്രീധർ തുടങ്ങിയ താരങ്ങളിലൂടെ ഒമ്പതാം നമ്പർ വരെ ബാറ്റ് ചെയ്യാൻ കഴിയുന്ന ബാറ്റിങ് ഡെപ്തും ട്വന്റി20ക്ക് അനുയോജ്യരായ പവർ ഹിറ്റർമാരും വൈവിധ്യമാർന്ന ബൗളിങ് ഓപ്ഷനുകളും ടീമിന്റെ സവിശേഷതയാണ്.
ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ടീം രൂപീകരണത്തിലും യുവതാരങ്ങളുടെ മെന്ററിങ്ങിലും വികസനത്തിലും നിർണായക പങ്കുവഹിക്കുന്നു എന്നത് ടീമിന് കൂടുതൽ കരുത്തുപകരുന്നു. ആഗസ്ത് 20 മുതൽ സെപ്തംബർ അഞ്ചുവരെ തിരുവനന്തപുരത്താണ് മത്സരം.










0 comments