ad
Deshabhimani

കൊച്ചി ബ്ലൂ ടൈഗേഴ്‌സ്‌ x ഏരീസ് കൊല്ലം സെയ്‌ലേഴ്സ്

ഓണക്കപ്പ്‌ ; കേരള ക്രിക്കറ്റ്‌ ലീഗിൽ ഇന്ന്‌ മെഗാ ഫൈനൽ

Kerala Cricket League
avatar
Sports Desk

Published on Sep 07, 2025, 02:15 AM | 2 min read


തിരുവനന്തപുരം

ഓണാഘോഷത്തിനൊപ്പം കേരളത്തിന്റെ ക്രിക്കറ്റ്‌ പൂരത്തിനും ഇന്ന്‌ പരിസമാപ്‌തി. കേരള ക്രിക്കറ്റ്‌ ലീഗ്‌ (കെസിഎൽ) രണ്ടാം സീസൺ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഏരീസ്‌ കൊല്ലം സെയ്‌ലേഴ്‌സും കൊച്ചി ബ്ലൂ ടൈഗേഴ്സും ഏറ്റുമുട്ടും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ വൈകിട്ട് ആരറയ്‌ക്കാണ് മത്സരം.


സെമിയിൽ തൃശൂർ ടൈറ്റൻസിനെ പത്ത്‌ വിക്കറ്റിന്‌ തോൽപ്പിച്ചാണ്‌ കൊല്ലം കിരീടപ്പോരിന്‌ അർഹത നേടിയത്‌. കൊച്ചി 15 റണ്ണിന്‌ കഴിഞ്ഞവർഷത്തെ റണ്ണറപ്പായ കാലിക്കറ്റ്‌ ഗ്ലോബ്‌സ്‌റ്റാർസിനെ കീഴടക്കി. പത്തിൽ എട്ട്‌ കളിയും ജയിച്ച്‌ ഒന്നാമതായാണ്‌ സാലി സാംസൺ നയിക്കുന്ന കൊച്ചി സെമിയിലെത്തിയത്‌. ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേർന്ന സഞ്ജു സാംസണിന്റെ അഭാവം നിർണായകമാകും. എങ്കിലും സഞ്ജുവില്ലാതെ നേടിയ വിജയങ്ങൾ ടീമിന് ആത്മവിശ്വാസം പകരും. മികച്ച തുടക്കം നൽകുന്ന വിനൂപ് മനോഹരന്റെ ബാറ്റിലാണ്‌ പ്രതീക്ഷ. 11 കളിയിൽ 344 റണ്ണടിച്ച്‌ പട്ടികയിൽ നാലാം സ്ഥാനത്തുള്ള ബാറ്ററാണ്‌.


ആൽഫി ഫ്രാൻസിസ് ജോൺ, ജോബിൻ ജോബി, മുഹമ്മദ് ആഷിഖ്‌, പി എസ്‌ ജെറിൻ എന്നീ ഓൾറ‍ൗണ്ടർമാരുണ്ട്‌. ബ‍ൗളിങ്ങിൽ പേസർ കെ എം ആസിഫാണ്‌ കുന്തമുന. ഏഴ്‌ കളിയിൽ 14 വിക്കറ്റുണ്ട്‌.


പത്ത്‌ കളിയിൽ അഞ്ചെണ്ണം ജയിച്ച് മൂന്നാം സ്ഥാനക്കാരായാണ്‌ കൊല്ലം സെമിയിലെത്തിയത്‌. തുടക്കത്തിൽ മങ്ങിപ്പോയ ടീം അവസാന മത്സരം ജയിച്ചാണ്‌ കയറിയത്. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തന്ത്രങ്ങൾ നിർണായകമാകും. വിഷ്‌ണു വിനോദ്‌, ഭരത്‌ സൂര്യ, വത്സൽ ഗോവിന്ദ്‌ എന്നിവർ ബാറ്റിങ്ങിൽ കരുത്താണ്‌. 16 വിക്കറ്റുമായി എ ജി അമൽ ബ‍ൗളിങ്നിരയെ നയിക്കുന്നു. പവൻ രാജ്‌, ഷറഫുദ്ദീൻ, അജയഘോഷ്‌, എം എസ് അഖിൽ എന്നിവരും വിക്കറ്റെടുക്കാൻ മിടുക്കരാണ്‌.


റണ്ണടിക്കാർ

കൃഷ്‌ണപ്രസാദ്‌ (ട്രിവാൻഡ്രം) 10 കളി 479 റൺ

അഹമ്മദ്‌ ഇമ്രാൻ (തൃശൂർ) 11 കളി 437 റൺ

സഞ്ജു സാംസൺ (കൊച്ചി) 6 കളി 368 റൺ


​വിക്കറ്റ്‌ വേട്ടക്കാർ

അഖിൽ സ്‌കറിയ (കാലിക്കറ്റ്‌) 11 കളി 25 വിക്കറ്റ്‌

എ ജി അമൽ (കൊല്ലം) 11 കളി 16 വിക്കറ്റ്‌

സിബിൻ ഗിരീഷ്‌ (തൃശൂർ) 11 കളി 15 വിക്കറ്റ്‌


അടുത്ത സീസണിൽ വനിതാ ക്രിക്കറ്റ് ലീഗും

​കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) വനിതാ ക്രിക്കറ്റർമാർക്കായി സംഘടിപ്പിക്കുന്ന വനിതാ ക്രിക്കറ്റ് ലീഗ്‌ (ഡബ്ല്യുസിഎൽ) അടുത്ത സീസൺ മുതൽ ആരംഭിക്കും. പ്രഖ്യാപന ചടങ്ങിൽ കേരളത്തിന്റെ അഭിമാനതാരങ്ങളായ മിന്നു മണി, സജന സജീവൻ, ആശാ ശോഭന, അരുന്ധതി റെഡ്ഡി, അണ്ടർ 19 ലോകകപ്പ് ജേതാവ് വി ജെ ജോഷിത, ഇന്ത്യൻ നേവി ലഫ്റ്റനന്റ് കമാൻഡറും മുൻ സംസ്ഥാന ജൂനിയർ ക്രിക്കറ്ററുമായ കെ ദിൽന എന്നിവരെ ആദരിച്ചു. കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home