വിജയത്തുടക്കമിട്ട് നിലവിലെ ചാമ്പ്യന്മാർ; കൊല്ലം സെയിലേഴ്സിനെ 31 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്

ടീം കൊച്ചി ബ്ലൂ ടൈഗേഴ്സ്
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്സിനെ 31 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലത്തിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുക്കാനേ സാധിച്ചുള്ളൂ. അർദ്ധ സെഞ്ചുറി നേടിയ സച്ചിൻ സുരേഷാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത കൊല്ലത്തിനെതിരെ ഓപ്പണർമാരായ വിനൂപ് മനോഹരനും (37) വിപുൽ ശക്തിയും (12) ചേർന്ന് കൊച്ചിക്ക് മികച്ച തുടക്കമാണ് നൽകിയത് (56 റൺസ്). എന്നാൽ ജോബിൻ ജോബി (7), മനുകൃഷ്ണൻ (13), സാലി സാംസൺ (8) എന്നിവർ വേഗത്തിൽ പുറത്തായതോടെ കൊച്ചി തകർച്ചയെ അഭിമുഖീകരിച്ചു.
തുടർന്ന് ആറാം വിക്കറ്റിൽ ഒത്തുചേർന്ന സച്ചിൻ സുരേഷും കാർത്തിക് ബി നായരും ചേർന്ന് കൊച്ചിയെ മികച്ച സ്കോറിലേക്ക് നയിച്ചു. അവസാന അഞ്ച് ഓവറിൽ ഇരുവരും ചേർന്ന് 78 റൺസാണ് അടിച്ചുകൂട്ടിയത്. സച്ചിൻ സുരേഷ് 32 പന്തിൽ 58 റൺസും (3 ഫോർ, 5 സിക്സ്) കാർത്തിക് ബി നായർ 17 പന്തിൽ 38 റൺസും (1 ഫോർ, 4 സിക്സ്) നേടി പുറത്താകാതെ നിന്നു. കൊല്ലത്തിന് വേണ്ടി വിജയ് വിശ്വനാഥ് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ കൊല്ലത്തിന് വേണ്ടി അഭിഷേക് നായരും (55) ക്യാപ്റ്റൻ വത്സൽ ഗോവിന്ദും (32) ചേർന്ന് രണ്ടാം വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്തെങ്കിലും അടുത്തടുത്ത ഇടവേളകളിൽ ഇരുവർക്കും വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. അജിനാസ് (7), സച്ചിൻ പി എസ് (7), അമൽ എ ജി (3) എന്നിവരും നിരാശപ്പെടുത്തി. അവസാന ഓവറുകളിൽ ഷറഫുദ്ദീൻ (28) പൊരുതിയെങ്കിലും കൊല്ലത്തിന്റെ ഇന്നിംഗ്സ് 158ൽ അവസാനിച്ചു. കൊച്ചിക്ക് വേണ്ടി കെ എം ആസിഫും മിഥുനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.










0 comments