'റോയൽ' ബംഗളൂരു; തുടർച്ചയായി രണ്ടാം കിരീടം

വിരാട് കോഹ്‌ലി (Photo:BCCI)
അഹമ്മദാബാദ് : ഐ പി എൽ കലാശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകർപ്പൻ ജയം. തുടർച്ചയായ രണ്ടാം തവണയാണ് ആർസിബി കപ്പ് നേടുന്നത്. മുംബൈ ചെന്നൈ എന്നീ ടീമുകൾക്ക് ശേഷം ഈ റെക്കോഡ് സ്വന്തമാക്കുന്ന മൂന്നാമത്തെ ടീമാണ് ബംഗളൂരു. 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന
ആർസിബി 18 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ആവേശകരമായ മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ വെടിക്കെട്ട് അർധസെഞ്ചുറിയുടെ കരുത്തിൽ തകർപ്പൻ ജയം. ഓപ്പണറായി ഇറങ്ങി തകർത്തടിച്ച വിരാട് കോഹ്‌ലി 42 പന്തിൽ നിന്ന് 3 സിക്സറുകളും 9 ഫോറുകളുമടക്കം 75 റൺസോടെ പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. വെങ്കിടേഷ് അയ്യർ 16 പന്തിൽ 32 റൺസെടുത്ത് മികച്ച പിന്തുണ നൽകി. മധ്യനിരയിൽ ടിം ഡേവിഡ് (24), ക്യാപ്റ്റൻ രജത് പടിദാർ (15), ജിതേഷ് ശർമ (പുറത്താകാതെ 11) എന്നിവരും റൺസ് നേടി . ദേവ്ദത്ത് പടിക്കൽ (1), ക്രുനാൽ പാണ്ഡ്യ (1) എന്നിവർ മാത്രമാണ് നിരാശപ്പെടുത്തിയത്. ഗുജറാത്തിനായി റാഷിദ് ഖാൻ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ്, കഗിസോ റബാഡ, അർഷാദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ഒന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് എടുത്തത്. തകർപ്പൻ അർധസെഞ്ചുറി നേടിയ വാഷിംഗ്ടൺ സുന്ദറിന്റെ (50 നോട്ട് ഔട്ട്) പോരാട്ടമാണ് ഗുജറാത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചിരുന്നത്. റസിഖ് സലാം മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തിരുന്നു.








0 comments