ഐപിഎൽ: ലക്‌നൗ സൂപ്പർ ജയന്റ്‌സ് 141 റൺസിന് പുറത്ത്

റിഷഫ് പന്ത് (ഇടത് ) അക്സർ പട്ടേൽ (വലത്)
ലഖ്‌നൗ : ഐപിഎൽ 2026 സീസണിലെ ആവേശകരമായ പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ കുറഞ്ഞ സ്കോറിലൊതുക്കി ഡൽഹി ക്യാപിറ്റൽസ്. 18.4 ഓവറിൽ 141 റൺസിന് ലഖ്‌നൗവിന്റെ എല്ലാ വിക്കറ്റുകളും വീണു.
36 റൺസെടുത്ത അബ്ദുൾ സമദും 35 റൺസ് നേടിയ മിച്ചൽ മാർഷും മാത്രമാണ് സൂപ്പർ ജയന്റ്‌സ് നിരയിൽ അല്പമെങ്കിലും പൊരുതി നിന്നത്. മധ്യനിരയിൽ എയ്ഡൻ മാർക്രം (11), ചൗധരി (14), ഷഹബാസ് അഹമ്മദ് (15) എന്നിവർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയത് അവർക്ക് തിരിച്ചടിയായി. റിഷഫ് പന്ത് (7), നിക്കോളാസ് പുരാൻ (8) തുടങ്ങിയ പ്രമുഖ താരങ്ങൾ നിരാശപ്പെടുത്തിയതോടെ ലഖ്‌നൗ ബാറ്റിംഗ് നിര തകരുകയായിരുന്നു.
ക്യാപിറ്റൽസിനായി ലുങ്കി എൻഗിഡിയും നടരാജനും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. കുൽദീപ് യാദവ് രണ്ട് വിക്കറ്റും അക്സർ പട്ടേൽ ഒരു വിക്കറ്റും നേടി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഡൽഹി ബൗളർമാർ കളം നിറഞ്ഞതോടെ സൂപ്പർ ജയന്റ്‌സിന്റെ പോരാട്ടം 141 റൺസിൽ അവസാനിച്ചു. 142 റൺസ് വിജയലക്ഷ്യവുമായാണ് ഡൽഹി ക്യാപിറ്റൽസ് മറുപടി ബാറ്റിങിനിറങ്ങുന്നത്.










0 comments