ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ഭേദപ്പെട്ട സ്കോർ; വിജയലക്ഷ്യം 181 റൺസ്

Photo Credit: BCCI
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ഭേദപ്പെട്ട സ്കോർ. ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ, നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെന്ന ഭേദപ്പെട്ട നിലയിൽ ഇന്നിങ്സ് അവസാനിപ്പിച്ചു.
സ്ഥിരതയാർന്ന കൂട്ടുകെട്ടുകളിലൂടെയാണ് ചെന്നൈ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. മധ്യനിരയിൽ തകർത്തടിച്ച ഡെവാൾഡ് ബ്രെവിസ് ആണ് ചെന്നൈയുടെ ടോപ് സ്കോറർ. 27 പന്തുകൾ നേരിട്ട താരം 2 സിക്സറുകളും 4 ഫോറുകളുമടക്കം 44 റൺസ് നേടി.
മുൻനിരയിൽ സഞ്ജു സാംസൺ (13 പന്തിൽ 27), കാർത്തിക് ശർമ്മ (19 പന്തിൽ 32) എന്നിവർ വേഗത്തിൽ റൺസുയർത്തി ചെന്നൈയ്ക്ക് മികച്ച അടിത്തറ നൽകി. നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് (15), ഉർവിൽ പട്ടേൽ (13) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും ശിവം ദുബെ (26), പ്രശാന്ത് വീർ (11) എന്നിവരുടെ പ്രകടനം ടീമിനെ 180-ൽ എത്തിച്ചു.
ഹൈദരാബാദിനായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മികച്ച രീതിയിൽ പന്തെറിഞ്ഞു. 4 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകളാണ് കമ്മിൻസ് വീഴ്ത്തിയത്. സാക്കിബ് ഹുസൈൻ രണ്ടും, പ്രഫുൽ ഹിംഗെ, ഈഷൻ മലിംഗ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. 181 റൺസിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങുന്ന ഹൈദരാബാദിനെ തുടക്കത്തിലേ സമ്മർദ്ദത്തിലാക്കാനാകും ചെന്നൈ ബൗളർമാരുടെ ശ്രമം.










0 comments