ഐപിഎൽ 2026 മത്സരങ്ങൾക്ക് ചിന്നസ്വാമി സ്റ്റേഡിയം വേദിയാകും

ബംഗളൂരു: 2026ലെ ഐപിഎൽ മത്സരങ്ങൾക്ക് ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. മത്സരം സുരക്ഷിതമായി നടത്താൻ സ്റ്റേഡിയത്തിൽ തൃപ്തികരമായ നവീകരണം നടത്തിയെന്ന വിദഗ്ദ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കർണാടക സർക്കാർ അനുമതി നൽകിയത്.
പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം ചിന്നസ്വാമി സ്റ്റേഡിയം വീണ്ടും ആവേശക്കടലാകുന്നു. മാർച്ച് 28-ന് നടക്കുന്ന സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB), സൺറൈസേഴ്‌സ് ഹൈദരാബാദിനെ (SRH) നേരിടും. സ്വന്തം തട്ടകത്തിൽ കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാകും ആർസിബി പോരാട്ടത്തിനിറങ്ങുക.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ പ്ലേഓഫുകളും ഫൈനലുകളും ഉൾപ്പെടെയുള്ള ഐപിഎൽ 2026 മത്സരങ്ങൾ നടത്താൻ കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര തിങ്കളാഴ്ചയാണ് അനുമതി നൽകിയത്. പൊലീസ്, ഫയർഫോഴ്‌സ് തുടങ്ങിയ വകുപ്പുകളുടെ നിർദ്ദേശപ്രകാരം ഗേറ്റുകളുടെ വീതി കൂട്ടുക, എക്സിറ്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ഒന്നാം ഘട്ട സുരക്ഷാ ക്രമീകരണങ്ങൾ കെഎസ്‍സിഎ (KSCA) പൂർത്തിയാക്കി. സ്റ്റേഡിയത്തിൽ 33,000 കാണികളെയും പ്രവേശിപ്പിക്കാൻ അനുവാദമുണ്ട്.
2025-ൽ ആർസിബിയുടെ കിരീടവിജയ ആഘോഷത്തിനിടെ 11 ആരാധകർ മരിച്ചതിനെത്തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയം വലിയ വിവാദങ്ങളിൽപ്പെട്ടിരുന്നു.










0 comments