ഐപിഎൽ 2026
കൊൽക്കത്തക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് കൂറ്റൻ സ്കോർ; കെഎൽ രാഹുലിന് അർധസെഞ്ചുറി

കെഎൽ രാഹുൽ (Photo:BCCI)
മുംബൈ : ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. തകർപ്പൻ അർധസെഞ്ചുറി നേടിയ ഓപ്പണർ കെഎൽ രാഹുലിന്റെ ബാറ്റിങ് മികവിലാണ് ഡൽഹി മികച്ച സ്കോറിലേക്ക് എത്തിയത്.
ഡൽഹിക്കായി ഓപ്പണർമാരായ അഭിഷേക് പോറെലും കെഎൽ രാഹുലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. അഭിഷേക് പോറെൽ 18 പന്തിൽ 4 ഫോറുകളടക്കം 22 റൺസെടുത്ത് പുറത്തായി. സൗരഭ് ദുബെയുടെ പന്തിൽ തേജ്വസി സിംഗ് ദാഹിയക്ക് ക്യാച്ച് നൽകിയാണ് പോറെൽ മടങ്ങിയത്. 30 പന്തിൽ 4 സിക്സറുകളും 5 ഫോറുകളുമടക്കം 200 സ്ട്രൈക്ക് റേറ്റിൽ 60 റൺസ് രാഹുൽ അടിച്ചുകൂട്ടി. അനുകുൽ റോയിയുടെ പന്തിൽ റോവ്മാൻ പവലിന് ക്യാച്ച് നൽകിയാണ് രാഹുൽ പുറത്തായത്.
തുടർന്ന് ക്രീസിലെത്തിയ സാഹിൽ പരേഖ് 17 പന്തിൽ ഒരു സിക്സറും 3 ഫോറുമടക്കം 24 റൺസ് സംഭാവന ചെയ്തു. സുനിൽ നരെയ്ന്റെ പന്തിൽ അജിങ്ക്യ രഹാനെ പിടിച്ചാണ് സാഹിൽ പുറത്തായത്. ഡേവിഡ് മില്ലർ 19 പന്തിൽ 3 സിക്സറുകളോടെ 28 റൺസ് നേടി പുറത്തായി. അവസാന ഓവറുകളിൽ തകർത്തടിച്ച അശുതോഷ് ശർമ്മ 11 പന്തിൽ ഒരു സിക്സറും 2 ഫോറുമടക്കം 18 റൺസോടെയും ട്രിസ്റ്റൻ സ്റ്റബ്സ് (0) റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു.
കൊൽക്കത്തക്കായി ബൗളിങിൽ സൗരഭ് ദുബെ 4 ഓവറിൽ 28 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. അനുകുൽ റോയ്, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. കാർത്തിക് ത്യാഗി 4 ഓവറിൽ 55 റൺസ് വഴങ്ങിയപ്പോൾ കാമറൂൺ ഗ്രീൻ 2 ഓവറിൽ 21 റൺസ് വിട്ടുനൽകി.










0 comments