ഐപിഎൽ 2026
മുതിർന്ന താരങ്ങളുടെ ഉപദേശം കേൾക്കൂ; പഞ്ചാബ് യുവതാരത്തോട് മനോജ് തിവാരി

പ്രിയൻഷ് ആര്യ (Photo: AFP)
തിരുവനന്തപുരം : ഐപിഎൽ 2026ൽ ശനിയാഴ്ച ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്‌സ് താരം പ്രിയൻഷ് ആര്യ റൺസ് നേടാതെ പുറത്തായതിന് പിന്നാലെ വിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. മുഹമ്മദ് ഷമിയുടെ ഷോർട്ട് പിച്ച് പന്തിൽ മിഡ് വിക്കറ്റിൽ ക്യാച്ച് നൽകിയാണ് പ്രിയൻഷ് പുറത്തായത്. ഷോർട്ട് ബോളുകൾക്കെതിരെയുള്ള താരത്തിന്റെ ബലഹീനത കണക്കിലെടുത്ത് ഫാസ്റ്റ് ബൗളർമാർ തുടർച്ചയായി ഈ തന്ത്രമാണ് പ്രയോഗിക്കുന്നത്. തൊട്ടുമുമ്പത്തെ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെയും താരം പൂജ്യത്തിന് പുറത്തായിരുന്നു.
താനും വിരേന്ദർ സെവാഗും ഉൾപ്പെടെയുള്ള മുൻ താരങ്ങൾ ചൂണ്ടിക്കാണിക്കുന്ന നിർദ്ദേശങ്ങൾ പ്രിയൻഷ് കേൾക്കണമെന്ന് മനോജ് തിവാരി ആവശ്യപ്പെട്ടു. കഴിഞ്ഞ മത്സരങ്ങളിലെ തെറ്റുകൾ തിരുത്താൻ ശ്രമിച്ചില്ലെങ്കിൽ അത് ആവർത്തിച്ചുകൊണ്ടേയിരിക്കും. എല്ലാ ബലഹീനതകൾക്കും പരിഹാരമുണ്ട്. റിക്കി പോണ്ടിംഗിനെപ്പോലെയുള്ള മുതിർന്ന താരങ്ങളുടെയോ പഞ്ചാബ് ടീം സ്റ്റാഫിന്റെയോ സഹായത്തോടെ കളി മെച്ചപ്പെടുത്താൻ പ്രിയൻഷ് ശ്രമിക്കണം. താരത്തിന് പ്രതിഭയുടെ കുറവില്ല, തിവാരി കൂട്ടിച്ചേർത്തു.
അതേസമയം, തുടർച്ചയായ ആറ് തോൽവികൾക്ക് ശേഷം ലഖ്‌നൗവിനെതിരെ നേടിയ തകർപ്പൻ വിജയത്തിന്റെ ആവേശത്തിലാണ് പഞ്ചാബ് കിങ്‌സ്. ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ മാച്ച് വിന്നിങ് സെഞ്ച്വറിയുടെ കരുത്തിലാണ് പഞ്ചാബ് ഏഴ് വിക്കറ്റിന് വിജയം കണ്ടത്. മാച്ച് വിന്നർ പുരസ്കാരം നേടിയ ശ്രേയസ് അയ്യർ ഈ സെഞ്ച്വറിയോടെ ട്വന്റി20 ക്രിക്കറ്റിൽ 7000 റൺസും പൂർത്തിയാക്കി. തുടർച്ചയായ ആറ് തോൽവികൾക്ക് ശേഷമുള്ള ഈ വിജയവും സെഞ്ച്വറിയും ഏറെ സന്തോഷം നൽകുന്നതാണെന്ന് ശ്രേയസ് അയ്യർ പറഞ്ഞു.










0 comments