ഐപിഎൽ 2026
പഞ്ചാബ് കിങ്സിനെതിരെ ആർസിബിക്ക് മികച്ച സ്കോർ

വിരാട് കോഹ്‌ലി (Photo:BCCI)
തിരുവനന്തപുരം : ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു നിശ്ചിത 17 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെന്ന കൂറ്റൻ സ്കോറാണ് അടിച്ചു കൂട്ടിയത്. തകർത്തടിച്ച വെങ്കിടേഷ് അയ്യരുടെയും അർധസെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെയും വെടിക്കെട്ട് ബാറ്റിങ് കരുത്തിലാണ് ആർസിബി മികച്ച സ്കോറിലെത്തിയത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആർസിബിക്ക് വേണ്ടി ജേക്കബ് ബെഥേലും വിരാട് കോഹ്‌ലിയുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. എന്നാൽ ടീം സ്കോർ 21ൽ നിൽക്കെ 7 പന്തിൽ 11 റൺസെടുത്ത ബെഥേലിനെ ഹർപ്രീത് ബ്രാർ ക്ലീൻ ബൗൾഡാക്കി. തുടർന്ന് ക്രീസിലെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കൽ വിരാട് കോഹ്‌ലിക്കൊപ്പം ചേർന്ന് തകർപ്പൻ ബാറ്റിങ്ങാണ് പുറത്തെടുത്തത്.
രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 76 റൺസ് കൂട്ടിച്ചേർത്തു. 25 പന്തിൽ 4 ഫോറും 3 സിക്സറുമടക്കം 45 റൺസ് നേടിയ പടിക്കലിനെ ബ്രാറിന്റെ പന്തിൽ ശ്രേയസ് അയ്യർ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 37 പന്തിൽ 4 ഫോറും 3 സിക്സറുമടക്കം 58 റൺസ് നേടിയ വിരാട് കോഹ്‌ലിയെ പ്രിയാൻഷ് ആര്യയുടെ ക്യാച്ചിൽ ചഹൽ പുറത്താക്കി.
നാലാമനായി ഇറങ്ങിയ വെങ്കിടേഷ് അയ്യരാണ് ആർസിബിയുടെ റൺറേറ്റ് കൂട്ടിയത്. 32 പന്തിൽ 7 ഫോറും 4 സിക്സറുമടക്കം 65 റൺസുമായി വെങ്കിടേഷ് പുറത്താകാതെ നിന്നു. 2 പന്തിൽ 2 റൺസോടെ ടിം ഡേവിഡും വെങ്കിടേഷിനൊപ്പം ക്രീസിലുണ്ടായിരുന്നു.
പഞ്ചാബ് കിങ്സിനായി ബൗളിങ്ങിൽ ഹർപ്രീത് ബ്രാർ മാത്രമാണ് മികച്ചുനിന്നത്. 4 ഓവറിൽ 35 റൺസ് വഴങ്ങി താരം 2 വിക്കറ്റ് വീഴ്ത്തി. യുസ്‌വേന്ദ്ര ചഹാൽ 3 ഓവറിൽ 42 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. മറ്റു ബൗളർമാർക്ക് ആർസിബി ബാറ്റർമാരെ നിയന്ത്രിക്കാനായില്ല. അർഷ്ദീപ് സിങ് 2 ഓവറിൽ 16 റൺസും, അസ്മത്തുള്ള ഒമർസായ് 3 ഓവറിൽ 30 റൺസും വിട്ടുകൊടുത്തു. വലിയ തല്ലുവാങ്ങിയ ലോക്കി ഫെർഗൂസൻ 2.6 ഓവറിൽ 43 റൺസാണ് വഴങ്ങിയത്. ശശാങ്ക് സിങ് 2 ഓവറിൽ 20 റൺസും വിട്ടുകൊടുത്തു.










0 comments