ad
Deshabhimani

ഐപിഎൽ 2026

സായ് സുദർശനെ മറികടന്ന് ഹെൻറിച്ച് ക്ലാസൻ; റൺവേട്ടയിൽ സഞ്ജു ഏഴാമത്

Klassen

ഹെൻറിച്ച് ക്ലാസൻ (Photo BCCI)

വെബ് ഡെസ്ക്

Published on May 13, 2026, 08:25 PM | 2 min read

തിരുവനന്തപുരം : ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനോട് 82 റൺസിന്റെ കനത്ത തോൽവി വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനം നിലനിർത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 14.5 ഓവറിൽ 86 റൺസിന് പുറത്തായി. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നിവരടങ്ങിയ ശക്തമായ ബാറ്റിംഗ് നിര പവർപ്ലേയിൽ തന്നെ തകർന്നതാണ് ഹൈദരാബാദിന് തിരിച്ചടിയായത്.


കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, ജേസൺ ഹോൾഡർ, പ്രസിദ്ധ് കൃഷ്ണ എന്നിവരടങ്ങുന്ന ഗുജറാത്ത് പേസ് നിര 82 റൺസിന് 9 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. ബാറ്റിംഗിൽ ചെറിയ പിഴവ് പറ്റിയെങ്കിലും ടീം ശക്തമായി തിരിച്ചുവരുമെന്ന് പരിശീലകൻ ഡാനിയൽ വെട്ടോറി വ്യക്തമാക്കി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനെ 168 റൺസിൽ ഒതുക്കാൻ ഹൈദരാബാദിന് സാധിച്ചു. പ്രഫുൽ ഹിംഗെ പവർപ്ലേയിൽ തന്നെ ശുഭ്മാൻ ഗില്ലിനെയും (5), ജോസ് ബട്ട്‌ലറെയും (7) പുറത്താക്കി മികച്ച തുടക്കം നൽകി. ഹിംഗെയും സാക്കിബ് ഹുസൈനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ പാറ്റ് കമ്മിൻസ് റൺസ് വിട്ടുനൽകുന്നതിൽ നിയന്ത്രണം പാലിച്ചു.


മത്സരത്തിനിടെ റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ്പിനായി ക്ലാസനും സായ് സുദർശനും തമ്മിൽ വാശിയേറിയ പോരാട്ടം നടന്നു. 62 റൺസുമായി ഗുജറാത്തിന്റെ ടോപ് സ്കോററായ സായ് സുദർശൻ സീസണിൽ 500 റൺസ് പിന്നിടുന്ന ആദ്യ ബാറ്ററായി മാറി, എന്നാൽ മറുപടി ബാറ്റിംഗിൽ 14 റൺസ് നേടിയതോടെ 508 റൺസുമായി ഹെൻറിച്ച് ക്ലാസൻ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഗുജറാത്തിനെതിരെ ആറ് റൺസ് മാത്രം നേടിയ ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ്മ 481 റൺസുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.


കെ എൽ രാഹുൽ (477), ശുഭ്മാൻ ഗിൽ (467) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. 440 റൺസുമായി രാജസ്ഥാൻ ഓപ്പണർ വൈഭവ് സൂര്യവംശി ആറാം സ്ഥാനത്തും, 430 റൺസുമായി മലയാളി താരം സഞ്ജു സാംസൺ ഏഴാം സ്ഥാനത്തും തുടരുന്നു. ഹൈദരാബാദിന്റെ ഇഷാൻ കിഷൻ 420 റൺസുമായി എട്ടാം സ്ഥാനത്താണ്. കൂപ്പർ കൊണോലി, ശ്രേയസ് അയ്യർ എന്നിവരാണ് റൺവേട്ടക്കാരിൽ ആദ്യ പത്തിലുള്ള മറ്റ് താരങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home