ഐപിഎൽ 2026
ബാറ്റിങ് വെടിക്കെട്ട്; ഗുജറാത്തിനെതിരെ കൊൽക്കത്തയ്ക്ക് കൂറ്റൻ സ്കോർ

അങ്ക്രിഷ് രഘുവംശി, കാമറൂൺ ഗ്രീൻ (Photo:BCCI)
കൊൽക്കത്ത : ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ ടോപ് ഓർഡറിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 247 റൺസാണ് കൊൽക്കത്ത അടിച്ചുകൂട്ടിയത്. കൊൽക്കത്തയ്ക്ക് വേണ്ടി ഓപ്പണർ ഫിൻ അലൻ തകർപ്പൻ ബാറ്റിങ് പുറത്തെടുത്തു. 35 പന്തിൽ 4 ഫോറും 10 സിക്സും ഉൾപ്പെടെ 93 റൺസാണ് ഫിൻ അലൻ നേടിയത്. സായ് കിഷോറിന്റെ പന്തിൽ റാഷിദ് ഖാന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്.
ക്യാപ്റ്റൻ അജിങ്ക്യ രഹാനെ 14 പന്തിൽ ഒരു ഫോറും സിക്സും സഹിതം 14 റൺസെടുത്ത് മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റായി. തുടർന്ന് അങ്ക്രിഷ് രഘുവംശിയും കാമറൂൺ ഗ്രീനും ചേർന്ന് കൊൽക്കത്തയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ അങ്ക്രിഷ് രഘുവംഷി 44 പന്തിൽ 4 ഫോറും 7 സിക്സറുകളുമായി 82 റൺസോടെ പുറത്താകാതെ നിന്നു. കാമറൂൺ ഗ്രീൻ 28 പന്തിൽ 3 ഫോറും 4 സിക്സറുകളുമായി 52 റൺസോടെയും പുറത്താകാതെ നിന്നു.
മുഹമ്മദ് സിറാജ് 4 ഓവറിൽ 50 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. കഗിസോ റബാഡ 4 ഓവറിൽ 40 റൺസും ജേസൺ ഹോൾഡർ 4 ഓവറിൽ 39 റൺസും വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. റാഷിദ് ഖാൻ 4 ഓവറിൽ 57 റൺസാണ് വിട്ടുകൊടുത്തത്. സായ് കിഷോർ 3 ഓവറിൽ 38 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. ഒരു ഓവർ മാത്രം എറിഞ്ഞ അർഷാദ് ഖാൻ 22 റൺസ് വഴങ്ങി.










0 comments