ഐപിഎൽ 2026
ധോണി തിരിച്ചെത്തിയേക്കും; പ്ലേ ഓഫ് ലക്ഷ്യമിട്ട് ചെന്നൈ ഹൈദരാബാദിനെതിരെ

എം എസ് ധോണി
ചെന്നൈ : ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ചെന്നൈ സൂപ്പർ കിങ്സ് തിങ്കളാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ലീഗ് ഘട്ടത്തിലെ ടീമിന്റെ അവസാന ഹോം ഗെയിം കൂടിയാണ്. ഇതുവരെ 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ചെന്നൈക്ക് ബാക്കിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാൽ പ്ലേ ഓഫ് യോഗ്യത നേടാം.
പരിക്ക് മാറി വിശ്രമത്തിലായിരുന്ന സൂപ്പർ താരം എംഎസ് ധോണി ഹൈദരാബാദിനെതിരായ മത്സരത്തിൽ കളിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ മത്സരങ്ങളിൽ ധോണി കളിക്കാൻ സജ്ജനാണെന്നും ഹൈദരാബാദിനെതിരെ അദ്ദേഹം ഇറങ്ങാൻ വലിയ സാധ്യതയുണ്ടെന്നും മുൻ താരം ആർ അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനോട് 7 വിക്കറ്റിന് ചെന്നൈ പരാജയപ്പെട്ടിരുന്നു. തുടർച്ചയായ മൂന്ന് വിജയങ്ങൾക്ക് ശേഷമാണ് ചെന്നൈ തോൽവി വഴങ്ങിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ, കാർത്തിക് ശർമ്മയുടെ (42 പന്തിൽ 71) അർധസെഞ്ചുറിയുടെയും ഡെവാൾഡ് ബ്രെവിസുമൊത്തുള്ള 70 റൺസ് കൂട്ടുകെട്ടിന്റെയും കരുത്തിലാണ് 187 റൺസ് നേടിയത്.
ശിവം ദുബെ 16 പന്തിൽ 32 റൺസുമായി പുറത്താകാതെ നിന്നു. ലഖ്‌നൗവിന് വേണ്ടി ആകാശ് സിങ് 26 റൺസ് വഴങ്ങി ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ, ഉർവിൽ പട്ടേൽ എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി. എന്നാൽ മറുപടി ബാറ്റിങ്ങിൽ 38 പന്തിൽ 9 ഫോറും 7 സിക്സും സഹിതം 90 റൺസ് അടിച്ചുകൂട്ടിയ മിച്ചൽ മാർഷിന്റെ തകർപ്പൻ പ്രകടനത്തിൽ ലഖ്‌നൗ വിജയിച്ചു.











0 comments