ബുമ്ര തിരിച്ചെത്തുമോ? അഫ്ഗാൻ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കും

ജസ്പ്രീത് ബുമ്ര (ഇടത്) മുഹമ്മദ് ഷമി (വലത്) Photo Credit:ESPN
മുംബൈ : ഐപിഎൽ 2026 സീസൺ അവസാനഘട്ടത്തിലേക്ക് കടക്കവെ, വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ ബിസിസിഐ ഊർജ്ജിതമാക്കി. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തോടെയാണ് ഇന്ത്യയുടെ പുതിയ സീസൺ ആരംഭിക്കുന്നത്. ഇതിനായുള്ള ടീം സെലക്ഷൻ ഐപിഎൽ അവസാനിക്കുന്നതിന് മുൻപ് തന്നെ നടന്നേക്കുമെന്നാണ് റിപ്പോർട്ട്. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അടുത്ത 7 മുതൽ 10 ദിവസത്തിനുള്ളിൽ ബിസിസിഐയുമായി കൂടിക്കാഴ്ച നടത്തും.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ടീമിന്റെ കരുത്ത് കുറയ്ക്കാൻ സെലക്ടർമാർ ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ മുൻനിര പേസർ ജസ്പ്രീത് ബുമ്രയെ ടീമിൽ ഉൾപ്പെടുത്തിയേക്കും. എന്നാൽ, കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടില്ലാത്ത മുഹമ്മദ് ഷമിയെ വീണ്ടും പരിഗണിക്കാൻ സാധ്യത കുറവാണ്. ബുമ്രയുടെ കാര്യത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനമെടുക്കും.
യുവ പേസർമാരായ അൻഷുൽ കംബോജ്, ഗുർനൂർ ബ്രാർ എന്നിവർ സെലക്ടർമാരുടെ നിരീക്ഷണത്തിലാണ്. രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജമ്മു കശ്മീരിന്റെ ആഖിബ് നബിയെയും ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചേക്കാം. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, നിതീഷ് കുമാർ റെഡ്ഡി എന്നിവരുടെ വർക്ക് ലോഡ് ബിസിസിഐ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വരാനിരിക്കുന്ന മാസങ്ങളിൽ ഒൻപത് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യക്ക് കളിക്കാനുള്ളതെങ്കിലും അഫ്ഗാനിസ്ഥാനെതിരായ മത്സരം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ല. എങ്കിലും മികച്ച ടീമിനെ തന്നെ കളത്തിലിറക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.









0 comments