ഒന്നാം ടെസ്‌റ്റ് നാളെമുതൽ അഹമ്മദാബാദിൽ
ഇനി ടെസ്‌റ്റ് ; നാളെ ഇന്ത്യ x വെസ്‌റ്റിൻഡീസ്

സായ് സുദർശൻ പരിശീലനത്തിൽ
അഹമ്മദാബാദ്
ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിലെ വിജയാവേശത്തിന് പിന്നാലെ ഇന്ത്യൻ ടീം ടെസ്‌റ്റ് കളത്തിലേക്ക്. വെസ്‌റ്റിൻഡീസുമായുള്ള ടെസ്‌റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കമാകും. അഹമ്മദാബാദിലാണ് ആദ്യ ടെസ്‌റ്റ്. രണ്ട് മത്സരമാണ് പരമ്പരയിൽ.
മറുവശത്ത് സമാനതകളില്ലാത്ത തകർച്ചയിലാണ് വെസ്‌റ്റിൻഡീസ്. നേപ്പാളിനോട് തുടർച്ചയായ രണ്ടാം ട്വന്റി20യിലും തോറ്റിരിക്കുകയാണ് വിൻഡീസ്. ഏകദിന ക്രിക്കറ്റിൽ നാല് തവണ ലോക ജേതാക്കളായ ടീമിന് കഴിഞ്ഞ ലോകകപ്പിൽ യോഗ്യത നേടാൻ പോലുമായില്ല. ടെസ്‌റ്റ് റാങ്കിങ്ങിൽ എട്ടാമതാണ്.
ശുഭ്‌മാൻ ഗില്ലിന് കീഴിൽ ടെസ്‌റ്റ് ക്രിക്കറ്റിൽ പുതുയുഗം ആരംഭിച്ച ഇന്ത്യക്ക് ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ മുന്നേറുകയാണ് ലക്ഷ്യം. വിരാട് കോഹ്‌ലിയും രോഹിത് ശർമയും ആർ അശ്വിനും വിരമിച്ചശേഷമുള്ള സ്വന്തം തട്ടകത്തിലെ ആദ്യ ടെസ്‌റ്റ് പരമ്പരയാണ് ഇന്ത്യക്ക്. ഇംഗ്ലണ്ടിൽ നടന്ന പരമ്പര 2–2ന് സമനിലയിലാക്കാൻ ഗില്ലിനും കൂട്ടർക്കും കഴിഞ്ഞിരുന്നു.
ഇംഗ്ലണ്ടിൽ റണ്ണടിച്ചുകൂട്ടിയ ഗില്ലാണ് ശ്രദ്ധേയതാരം. യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ എന്നിവരും ബാറ്റിങ് നിരയിലുണ്ട്. ദേവ്‌ദത്ത് പടിക്കൽ, ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി എന്നിവരിലൊരാൾ കളിക്കും. രവീന്ദ്ര ജഡേജയും വാഷിങ്‌ടൺ സുന്ദറുമായിരിക്കും സ്‌പിൻ ഓൾ റൗണ്ടർമാർ. പേസർമാരായി ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് സിറാജും കളിക്കും. പേസർ അൽസാരി ജോസഫ് പരിക്കേറ്റ് മടങ്ങിയത് വിൻഡീസിന് തിരിച്ചടിയാണ്. ഓൾ റൗണ്ടർ റോസ്‌റ്റൺ ചേസാണ് വിൻഡീസ് ക്യാപ്‌റ്റൻ.










0 comments