പരമ്പര ഉറപ്പിക്കാൻ ഇന്ത്യ ; രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റ് ഇന്ന്

ഇന്ത്യൻ താരങ്ങളായ രവീന്ദ്ര ജഡേജയും കുൽദീപ് യാദവും പരിശീലനത്തിൽ
ന്യൂഡൽഹി
പരമ്പര ജയത്തിനും ലോക ചാമ്പ്യൻഷിപ് പോയിന്റ് പട്ടികയിൽ മുന്നേറാനും ഇന്ത്യ ഇന്ന് രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ വെസ്‌റ്റിൻഡീസിനോട്. ഡൽഹിയിലാണ് കളി. ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണ് അരുൺ ജെയ്‌റ്റ്‌ലി സ്‌റ്റേഡിയത്തിൽ. അഹമ്മദാബാദിൽ നടന്ന ആദ്യ ടെസ്‌റ്റിൽ ഇന്ത്യക്ക് ഇന്നിങ്‌സ് ജയമായിരുന്നു.
രവീന്ദ്ര ജഡേജയുടെ ഓൾ റൗണ്ട് പ്രകടനമാണ് ആദ്യ ടെസ്‌റ്റിൽ അനായാസ ജയമൊരുക്കിയത്. മൂന്ന് ദിവസത്തിൽ കളി അവസാനിച്ചു. ജഡേജയ്‌ക്ക് പുറമെ കെ എൽ രാഹുലും വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലും സെഞ്ചുറി നേടി. ഏഴ് വിക്കറ്റുമായി പേസർ മുഹമ്മദ് സിറാജ് ബൗളർമാരിൽ തിളങ്ങി. ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല. വെസ്‌റ്റിൻഡീസ് ഇടംകൈയൻ സ്‌പിന്നർ ജെദിയാ ബ്ലേഡ്‌സിനെ കളിപ്പിച്ചേക്കും.
ആദ്യ രണ്ടുദിവസം ബാറ്റിങ്ങിനെ തുണയ്‌ക്കുന്ന പിച്ച് മൂന്നാംദിനം തൊട്ട് സ്‌പിന്നർമാർക്ക് അനുകൂലമാകും. മഴയ്‌ക്ക് സാധ്യതയുണ്ടെങ്കിലും കളിയെ ബാധിച്ചേക്കില്ല.
ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ് പട്ടികയിൽ നിലവിൽ മൂന്നാമതാണ് ശുഭ്‌മാൻ ഗില്ലിന്റെ സംഘം. വിൻഡീസുമായുള്ള പരമ്പര നേടിയാൽ ശ്രീലങ്കയെ മറികടന്ന് ഇന്ത്യൻ ടീം രണ്ടാമതെത്താനാകും.









0 comments